
കൗമാരക്കാരെ ശല്യം ചെയ്യുന്നവരെ തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം.ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് മെസേജ് അയക്കുന്ന മുതിർന്നവർക്കാണ് നിയന്ത്രണം. മിക്ക കൗമാരപ്രായക്കാർക്കും അജ്ഞാതരിൽ നിന്ന് ദിവസവും നിരവധി മെസേജുകൾ ലഭിക്കാറുണ്ട്. ഇതിന് തടയിടാനാണ് കമ്പനി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ പ്രകാരം ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് മുതിർന്നവരുടെ അക്കൗണ്ടുകളിൽ നിന്ന് അയക്കുന്ന സന്ദേശങ്ങൾ ഇനി മുതൽ ലഭിക്കില്ല. സംശയാസ്പദമായ പെരുമാറ്റമുള്ള മുതിർന്നവരുടെ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാർക്ക് ഇൻസ്റ്റാഗ്രാം മുന്നറിയിപ്പും നൽകും.ഒരു മുതിർന്നയാൾ അവരെ പിന്തുടരാത്ത കൗമാരക്കാരന് സന്ദേശമയയ്ക്കാൻ ശ്രമിക്കുമ്പോൾ മെസേജ് ചെയ്യാൻ ഓപ്ഷനില്ലെന്ന് അറിയിപ്പ് ലഭിക്കും. മെഷീൻ ലേണിങ് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ പ്രായം കണക്കാക്കിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. സൈൻ അപ്പ് ചെയ്യുമ്പോൾ ആളുകൾ നൽകുന്ന പ്രായവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നു.പ്രായത്തെ സ്ഥിരീകരിക്കുന്നതിന് ആപ്ലിക്കേഷനിൽ ഓപ്ഷനുണ്ടെങ്കിലും ചില ഉപയോക്താക്കൾ അവരുടെ പ്രായം കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ യുവ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനും പ്രായത്തിന് അനുയോജ്യമായ ഫീച്ചറുകൾ മാത്രം നിർദേശിക്കുന്നതിനും ഇൻസ്റ്റാഗ്രാം ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്.