Auto
Trending

വിസ്മയിപ്പിക്കാൻ ജീപ്പ് മെറിഡിയൻ എത്തി

ജീപ്പിന്റെ പ്രീമിയം എസ്‍യുവി മെറിഡിയൻ വിപണിയിൽ. രണ്ടു വേരിയന്റുകളിലായി മാനുവൽ, ഓട്ടമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് മോഡുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 29.90 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഇതുവരെ 1200 ബുക്കിങ്ങുകൾ ലഭിച്ചെന്നാണ് ജീപ്പ് ഇന്ത്യ അറിയിക്കുന്നത്. ഡെലിവറി ജൂൺ മൂന്നാം വാരം ആരംഭിക്കുമെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്‍യുവിയാണ് മെറിഡിയൻ.പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും 80 ഡിഗ്രിവരെ തുറക്കാവുന്ന പിൻ ഡോറുകളാണ്. മികച്ച ഗ്രില്ലും മനോഹര ഹെഡ്‌ലാംപും മുന്നിലെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്.കോംപസ് പുറകോട്ട് വലിച്ചു നീട്ടിയ വാഹനമല്ല മെറിഡിയൻ. ബോഡി പാനലുകൾ അടക്കം കാര്യമായ മാറ്റങ്ങളുണ്ട്. 36.4 സെന്റിമീറ്റർ നീളം വെറുതെ പിൻ ഭാഗം പുറകോട്ടു നീട്ടിപ്പിടിച്ചതല്ല. വീൽ ബേസിൽ ഗണ്യമായ വർധന വരുത്തിയാണ് സാധിച്ചിരിക്കുന്നത്. 278.2 സെ.മീ. വീൽബേസ്; കോംപസിനെക്കാൾ 14.5 സെ.മീ. കൂടുതൽ. ഇതോടെ ഈ വിഭാഗത്തിൽ ഏറ്റവുമധികം വീൽ ബേസുള്ള വാഹനമായി മെറിഡിയൻ. ഫോർച്യൂണറിലും ഗ്ലോസ്റ്ററിലും അധികം. ഈ അധിക വീൽ ബേസ് ജീപ്പിന്റെ ഉന്നതശ്രേണിയിലുള്ള ഗ്രാൻഡ് ചെറോക്കിക്കൊപ്പം റോഡ് സാന്നിധ്യവും കയ്യൊതുക്കവും ഗാംഭീര്യവും മെറിഡിയനു നൽകുന്നു.ഡാഷ് ബോർഡും ഘടകങ്ങളും കോംപസിനു തുല്യം. എന്നാൽ തവിട്ടും കറുപ്പും ക്രോമിയവും കലർന്ന ഫിനിഷ് കാഴ്ചയിൽ വ്യത്യസ്തതയേകുന്നു. പ്രീമിയം ലുക്ക് നൽകുന്ന ക്രോം ലൈനുകളും സ്റ്റിച്ച്ഡ് ലെതർ ഫിനിഷുകളുമുണ്ട്. മുൻ സീറ്റുകൾ വെന്റിലേറ്റ‍ഡാണ്. കോംപസിലെ 10.25 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററും 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മെറിഡിയനിലുമുണ്ട്.സെഗ്‌മെന്റിൽ ആദ്യം അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ അടക്കം 60 ൽ അധികം സുരക്ഷാ, സെക്യൂരിറ്റി ഫീച്ചറുകളുമായാണ് മെറിഡിയൻ എത്തുന്നത്. തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണ് മെറിഡിയൽ വിപണിയിൽ എത്തുക. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ഡീസൽ എൻജിന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10.8 സെക്കൻഡ്. ഉയർന്ന വേഗം 198 കിലോമീറ്റർ.9 സ്പീഡ് ഓട്ടമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. നാലു വീൽ ഡ്രൈവ്, രണ്ട് വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കും. ഏതു റോഡിലും മികച്ച യാത്രാസുഖം നല്‍കുന്ന നിർമാണ നിലവാരമാണ് മെറിഡിയന്. ഓഫ് റോഡിൽ അദ്ഭുതപ്പെടുത്തും മെറിഡിയൻ. ജീപ്പ് പാരമ്പര്യത്തിന് തെല്ലും കോട്ടമേൽപിക്കാതെ മികച്ച ഓഫ് റോഡിങ് മെറിഡിയൻ നൽകുന്നു. സാൻഡ്, മഡ്, ഓട്ടോ മോഡുകളുണ്. ഏതു ടെറൈനിലൂടെയും നിർപ്രയാസം സഞ്ചരിക്കും ഈ കരുത്തൻ ജീപ്പ്.

Related Articles

Back to top button