
രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 7.34 ശതമാനമായി ഉയർന്നു. ഈ വർഷം ജനുവരി മുതൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്. ഓഗസ്റ്റിൽ ഇത് 6.69 ശതമാനമായിരുന്നു.പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉയർച്ച ഉണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സെപ്റ്റംബറിൽ 10.68 ശതമാനമായി. ഓഗസ്റ്റ് ഇത് 9.05 ശതമാനമായിരുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ)പുറത്തുവിട്ട കണക്കുകളനുസരിച്ച് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3.99 ശതമാനമായിരുന്നു. ഇതാണ് ഈ വർഷം 7.34 ശതമാനമായി ഉയർന്നത്. പച്ചക്കറികളിലെ പണപ്പെരുപ്പം 20.73% മാണ്. ഓഗസ്റ്റ് ഇത് 11.47% മായിരുന്നു. ധാന്യങ്ങളിലേക്കെത്തുമ്പോൾ പണപ്പെരുപ്പം 14.44 ശതമാനത്തിൽ നിന്ന് 14.67 ശതമാനമായി ഉയർന്നു.
2021 മാർച്ച് 31 വരെ വാർഷിക പണപ്പെരുപ്പം നാലു ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്ക് എംപിസി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നയപരമായ തീരുമാനങ്ങളിലെത്തിച്ചേരാൻ റിസർവ് ബാങ്ക് കണക്കിലെടുക്കുന്ന ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെഗുലേറ്ററുടെ കംഫർട്ടബിൾ ലെവലിന് മുകളിലാണ്.