
കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ അടച്ചിടൽ മൂലം പ്രതിസന്ധി നേരിട്ട വ്യവസായമേഖല ഉണർവ് പ്രകടിപ്പിച്ചു തുടങ്ങി. ഏറെ പിന്നോട്ട് പോയിരുന്ന വ്യാവസായിക ഉൽപ്പാദനം ഇക്കഴിഞ്ഞ ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 0.5 ശതമാനം മാത്രമായിരുന്നു രാജ്യത്തെ വ്യാവസായിക വളർച്ച.

ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങിയ ദീർഘകാലം നിലനിൽക്കുന്ന ഉപഭോക്തൃ സാമഗ്രികളുടെ ഉൽപാദനം 17.6 ശതമാനം വർധിച്ചപ്പോൾ ഭക്ഷ്യവസ്തുക്കൾ പോലെ പെട്ടെന്ന് ഉപയോഗിച്ച് തീർക്കേണ്ട ഉപഭോക്തൃ സാമഗ്രികളുടെ ഉൽപാദനം 7.5 ശതമാനം വർദ്ധിച്ചു. വൈദ്യുതി ഉൽപാദനം സെപ്റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ശതമാനമായി ഉയർന്നു. മൂലധന സാമഗ്രികളുടെ ഉത്പാദനവും 3.3 ശതമാനം കൂടി. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു രാജ്യത്തെ വ്യാവസായിക വളർച്ച ഏറ്റവും താഴേക്ക് പോയത്.