കായലിൽ ഓടുന്ന ആദ്യ ടാക്സി കേരളത്തിന് സ്വന്തം

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇനി ടാക്സി വിളിച്ച് കായലിലും കറങ്ങാം. ജലഗതാഗത വകുപ്പാണ് രാജ്യത്തെ ആദ്യ ജല ടാക്സിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ബോട്ട് ആലപ്പുഴയിൽ ഈ മാസം 15ന് ഉദ്ഘാടനം ചെയ്യും. വൈകാതെ എറണാകുളത്തും എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. യാത്രാ ബോട്ടുകളെ അപേക്ഷിച്ച് ഇത് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തും
ഈ ടാക്സിയുടെ നിരക്ക് മണിക്കൂറിനായിരിക്കും. നിരക്ക് തീരുമാനം സർക്കാർ അംഗീകാരത്തോടെയായിരിക്കും.

ആലപ്പുഴയിൽനിന്ന് കോട്ടയത്തെത്താൻ സാധാരണ ബോട്ടുകൾ രണ്ടു മണിക്കൂർ സമയമെടുക്കുമ്പോൾ ഇതിന് ഒരു മണിക്കൂർ സമയം മതി. സ്വീഡനിൽ നിന്ന് എത്തിച്ച പ്രത്യേക എൻജിനാണ് ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ബോട്ടിന്റെ നിർമാണച്ചെലവ് 70 ലക്ഷം രൂപയോളമാണ്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗതയിൽ ഇത് സഞ്ചരിക്കും.
കുസാറ്റ് രൂപകൽപ്പന ചെയ്ത ഈ ബോട്ടിൽ 10 സീറ്റുകളായിരിക്കും ഉണ്ടായിരിക്കുക. ഡ്രൈവർ കം സ്രാങ്ക്, ലസ്കർ തുടങ്ങിയ മൂന്ന് ജീവനക്കാരും ഇതിലുണ്ടാകും