
ഇന്ത്യൻ നിർമ്മിത പുത്തൻ ഷൂട്ടർ ഗെയിമായ ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി. പ്രീ രജിസ്ട്രേഷന്റെ ഭാഗമായാണ് ഗെയിം പ്ലേസ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ രജിസ്ട്രേഷന് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഗെയിം ആൻഡ്രോയ്ഡ് ഫോണുകളിൽ ആദ്യം അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ പബ്ജി നിരോധിച്ച് രണ്ടുദിവസത്തിനുശേഷമാണ് ഫൗജി ഗെയിം പ്രഖ്യാപിച്ചത്.

പബ്ജിയ്ക്ക് പകരമായി ഒരു ഇന്ത്യൻ പതിപ്പ് എന്ന നിലയിലാണ് ഇതിന് വലിയ പ്രചാരം ലഭിച്ചത്. എന്നാൽ പബ്ജിയുടെ പകരക്കാരൻ എന്നതിലുപരി ഇന്ത്യൻ ദേശ സ്നേഹത്തിലൂന്നിയ ഒരു ഗെയിമാണ് ഫൗജി-ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ്. ഗൂഗിൾ പ്ലേസ്റ്റോറിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ഡൗൺലോഡിന് ലഭ്യമായാൽ അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. എന്നാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിച്ചെന്നു വരില്ല. അതായത് ആൻഡ്രോയ്ഡ് പതിപ്പുകളുടെ അടിസ്ഥാനത്തിലേ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ഇത് ഏതെല്ലാം പതിപ്പുകളാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഗെയിമിന്റെ കഥാപശ്ചാത്തലം പ്ലേസ്റ്റോറിൽ നൽകിയിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസാണ് ഗെയിമിനെ സൃഷ്ടാക്കൾ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഇന്ത്യയിലെ അതിർത്തി രക്ഷാസേനയെ കഥാപാത്രങ്ങളാക്കിയാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സായുധ സേനയ്ക്ക് ആദരമർപ്പിച്ചു കൊണ്ടാണ് ഗെയിം അവതരിപ്പിക്കുന്നതെന്ന് എൻകോർ ഗെയിംസ് പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 25നാണ് ഗെയിമിൻറെ ആദ്യ ടീസർ പുറത്തിറക്കിയത്. അപകടം നിറഞ്ഞ ഇന്ത്യൻ വടക്കൻ അതിർത്തി പ്രദേശത്ത് പട്രോളിങിലുള്ള ഫൗജി കമാൻഡോകളായാണ് ഗെയിമർമാർ അവതരിക്കുക. ഒപ്പം ഇന്ത്യയുടെ ശത്രുക്കളുമായി പോരാടുക, അതിജീവനത്തിനായി പോരാടുക എന്നിവയാണ് ഗെയിമിന്റെ പ്രമേയം.