
കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ രാജ്യത്ത് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച മുമ്പത്തേതിനേക്കാൾ വേഗത്തിൽ വളരുമെന്ന് വിവിധ റേറ്റിംഗ് ഏജൻസികൾ. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്നാണ് എസ് ബി ഐ റിസർച്ചിന്റെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 12.5 ശതമാനം വരെ ഇടിവുണ്ടാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിനെ തുടർന്ന് 24 ശതമാനത്തോളം ജിഡിപി ചുരുങ്ങിയിരുന്നു. എന്നാൽ രണ്ടാംപാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽ ജിഡിപി വളർച്ച പൂജ്യത്തിന് മുകളിലേക്ക് എത്തുമെന്നാണ് പൊതുവായ വിലയിരുത്തലുകൾ. ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലെയ്സിൻറെ വിലയിരുത്തൽ പ്രകാരം 2021- 22 സാമ്പത്തിക വർഷത്തിൽ രാജ്യം 8.5 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സൂചിപ്പിക്കുന്നു. നേരത്തെ 7 ശതമാനം കണക്കാക്കിയിരുന്നു സ്ഥാനത്താണിത്. സമാനമായ രീതിയിൽ ഫിച്ച് റേറ്റിംഗ്സിന്റെ റിപ്പോർട്ടുകളും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരിക്കെവരുമെന്ന് സൂചിപ്പിക്കുന്നു.