
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയെ മറികടന്ന് രാജ്യം സാമ്പത്തിക വളർച്ച തിരിച്ചുപിടിച്ചെന്ന് സർക്കാർ കണക്കുകൾ.2020 ഒക്ടോബർ– ഡിസംബർ ത്രൈമാസത്തിൽ മൊത്തം ആഭ്യന്തര ഉൽപന്നം (ജിഡിപി) മുൻകൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.4% വളർന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) കണക്കുകൾ വ്യക്തമാക്കുന്നു.തുടർച്ചയായ 2 ത്രൈമാസങ്ങളിലെ തളർച്ചയ്ക്കുശേഷമാണിത്.

കൃഷി, സേവനം, നിർമാണം എന്നീ രംഗങ്ങളിലെ മികച്ച വളർച്ചയാണ് ഈ പാദത്തിലെ നേട്ടത്തിനു മുഖ്യ കാരണം.കാർഷികരംഗത്തെ വളർച്ച 3.9% ആണ്. നിർമാണമേഖല 6.2% വളർന്നു. ഫാക്ടറി ഉൽപാദനം 1.6% ഉയർന്നു. വൈദ്യുതി, വാതക ഇന്ധനം, ജലവിതരണം തുടങ്ങിയ സേവന രംഗങ്ങൾ 7.3% വളർച്ച രേഖപ്പെടുത്തി. അതേസമയം,വാണിജ്യം, ഹോട്ടൽ വ്യവസായം എന്നീ മേഖലകളിൽ 7.7% ഇടിവു രേഖപ്പെടുത്തി.മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തികവർഷം മൊത്തത്തിൽ 8% ജിഡിപി ഇടിവാണുണ്ടാകുകയെന്ന് എൻഎസ്ഒ വിലയിരുത്തുന്നു.കഴിഞ്ഞ വർഷം 145.7 ലക്ഷം കോടി രൂപ ആയിരുന്ന ജിഡിപി ഇക്കൊല്ലം 134 ലക്ഷം കോടിയിലേക്കു താഴുമെന്നാണു കണക്ക്.7.7% ഇടിവാണ് നേരത്തേ പ്രവചിച്ചിരുന്നത്.