
ഇന്ത്യ ഇക്കൊല്ലം, മുൻകൊല്ലത്തെക്കാൾ 12.5% സാമ്പത്തികവളർച്ച നേടുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). കോവിഡ് ബാധയുണ്ടായിട്ടും കഴിഞ്ഞവർഷം വളർച്ച നേടിയ ഏക രാജ്യമായ ചൈനയ്ക്ക് ഇക്കൊല്ലം 8.6% വളർച്ചയാണ് ഐഎംഎഫ് അനുമാനിക്കുന്നത്. ഇന്ത്യ കഴിഞ്ഞ വർഷം 8% സാമ്പത്തിക ഇടിവാണു നേരിട്ടിരുന്നത്. 2022ൽ ഇന്ത്യ 6.9% വളർച്ച നേടുമെന്നും ചീഫ് ഇക്കോണമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു. ചൈനയ്ക്ക് 5.6% ആണു പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം 3.3% ഇടിഞ്ഞ ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം 6%, അടുത്ത വർഷം 4.4% എന്നിങ്ങനെ വളരുമെന്നും അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷത്തെ ഇടിവ് ഒക്ടോബറിൽ പ്രവചിച്ചതിനെക്കാൾ 1.1% കുറവാണ്. രണ്ടാം പകുതിയിൽ ലോകമെങ്ങും ഉണ്ടായ ഉണർവാണ് തകർച്ചയുടെ ആഴം കുറച്ചത്. കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ, ആരോഗ്യരക്ഷാ പദ്ധതികൾക്കാണു രാജ്യങ്ങൾ ഇപ്പോൾ മുൻഗണന കൊടുക്കേണ്ടത്. ഒപ്പം പ്രതിസന്ധിയിലുള്ള കുടുംബങ്ങളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.