
സാങ്കേതികമായി, ചരിത്രത്തിലാദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക്. തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തികരംഗം തകർച്ച രേഖപ്പെടുത്തി. സെപ്റ്റംബർ അവസാനപാദത്തിൽ ജിഡിപി 8.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പത്ത് വ്യവസ്ഥ 24 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ സർക്കാർ ഔദ്യോഗികമായി നവംബർ 27ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ വാഹന വിൽപ്പന മുതൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ വരെ വിലയിരുത്തിയതിനുശേഷമാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സമിതി പ്രഖ്യാപിച്ചത്. കമ്പനികൾ മുന്നേറ്റം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ മാസം മുതൽ സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതുകൊണ്ട് ഇപ്പോൾ നേരിടുന്ന മാന്ദ്യം അല്പ കാലത്തേക്കേ നിലനിൽക്കുവെന്നും വിദഗ്ധർ പറയുന്നു.