
പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. ശരാശരി ആറുശതമാനം വളർച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാൾ മൂന്നുവർഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.2017-ൽ നടത്തിയ അനുമാനത്തിൽ 2028-ൽ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ 2031-32 സാമ്പത്തിക വർഷം മാത്രമേ അതിനു സാധ്യതയുള്ളൂ. നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോർട്ടിൽ ഒമ്പതു ശതമാനം വളർച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, 2014 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളർച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളർച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോർട്ടിൽ നിശ്ചയിക്കാൻ തീരുമാനിച്ചത്.