Tech
Trending

വിന്‍ഡോസ് 11 പതിപ്പ് ചോര്‍ന്നു

ദിവസങ്ങൾക്ക് മുമ്പാണ് വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഓൺലൈനിൽ ചോർന്നത്. അടിമുടി മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് ഒരുക്കിയ വിൻഡോസിന്റെ പുതിയ പതിപ്പിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.വിൻഡോസിന്റെ യൂസർ ഇന്റർഫെയ്സിൽ അടിമുടി ഡിസൈൻ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയകാല കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഏറെ പൂർണതയോടെയാണ് ഇത് ഒരുക്കിയിട്ടുള്ളത്. ടെക്ക് വെബ്സൈറ്റായ ദി വെർജ് ലേഖകൻ ടോം വാറൻ തന്റെ ട്വിറ്റർ പേജിൽ വിൻഡോസ് 11 ഓഎസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.വിൻഡോസ് 11 എന്ന് തന്നെയാണ് പുറത്തുവന്നിരിക്കുന്ന ഓഎസിലും പേര് നൽകിയിട്ടുള്ളത്. പുറത്തിറക്കാത്ത പതിപ്പായതിനാൽ ഓഎസിന്റെ പല ഫീച്ചറുകളും വ്യക്തമായിട്ടില്ല.


പുതിയ മാറ്റങ്ങൾ സ്റ്റാർട്ട് അപ്പ് സൗണ്ടിൽ തന്നെതുടങ്ങുന്നു. പുതിയ സ്റ്റാർട്ട് അപ്പ് സൗണ്ട് ആണ് വിൻഡോസ് 11 ന് നൽകിയിരിക്കുന്നത്. യൂസർ ഇന്റർഫെയ്സിൽ കാഴ്ചയിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ടാസ്ക് ബാറിലെ ആപ്പ് ഐക്കണുകളെ മധ്യഭാഗത്തേക്ക് മാറ്റി. പുതിയ സ്റ്റാർട്ട് ബട്ടനും മെനുവും ഉൾപ്പെടുത്തി. നിലവിൽ വിൻഡോസ് 10 ലുള്ള സ്റ്റാർട്ട് മെനുവിനെ കൂടുതൽ ലളിതമാക്കിക്കൊണ്ടാണ് പുതിയ രൂപകൽപന.ആപ്പ് ഐക്കണുകളും സ്റ്റാർട്ട് ബട്ടനും സ്ക്രീനിന് മധ്യഭാഗത്ത് വെക്കുന്നതിൽ താൽപര്യമില്ലെങ്കിൽ അത് പഴയ പോലെ ഇടത് ഭാഗത്തേക്ക് തന്നെ മാറ്റാനും സാധിക്കും. കൂടാതെ ഫയൽ എക്സ്പ്ലോറർ വിൻഡോയുടേയും സ്റ്റാർട്ട് മെനു വിൻഡോയുടെയുമെല്ലാം കോണുകൾ വിൻഡോസ് 11 ൽ ഉടനീളം റൗണ്ടഡ് കോർണറുകളാണ് നൽകിയിട്ടുള്ളത്.വിൻഡോസ് 11 ലെ മാക്സിമൈസ് ബട്ടനിൽ പുതിയ സ്നാപ് കൺട്രോളുകൾ നൽകിയിട്ടുണ്ട്. എല്ലാ ആപ്പുകളിലും ആ സംവിധാനമുണ്ടാവും. ഇതുവഴി ആപ്പ് വിൻഡോകളെ സ്ക്രിനിൽ പലഭാഗത്തായി മിനിമൈസ് ചെയ്ത് വെക്കാൻ സാധിക്കും.എന്തായാലും പുറത്തുവന്ന വിവരങ്ങൾക്കെല്ലാം സ്ഥിരീകരണം ലഭിക്കണമെങ്കിൽ ജൂൺ 24 ന് നടക്കുന്ന പരിപാടി വരെ കാത്തിരിക്കണം. വലിയ പ്രചാരം നൽകിയാണ് പ്രത്യേക വിൻഡോസ് ഇവന്റ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Articles

Back to top button