
ഇന്ത്യ– ഓസ്ട്രേലിയ സാമ്പത്തിക സഹകരണ– വ്യാപാര കരാർ ജനുവരിയോടെ പ്രാബല്യത്തിൽ വന്നേക്കും. കരാറുമായി ബന്ധപ്പെട്ട ബില്ലുകൾ ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കി. ഇന്ത്യയിൽ ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ അംഗീകാരം ഒന്നോ രണ്ടോ ദിവസത്തിനകം ലഭിക്കും.പത്തു വർഷത്തിനിടെ ഇന്ത്യ ആദ്യമായാണ് ഒരു വികസിത രാജ്യവുമായി വാണിജ്യ കരാറിൽ ഏർപ്പെടുന്നത്. ആഭ്യന്തര നടപടികൾ പൂർത്തിയാക്കി ഇരുരാജ്യങ്ങളും പരസ്പരം വിജ്ഞാപനങ്ങൾ കൈമാറി 30 ദിവസത്തിനകം കരാർ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.കരാറിന്റെ പരിധിയിൽ വരുന്ന ഉൽപന്നങ്ങളിൽ 100% ഡ്യൂട്ടി ഇളവ് ഒരു രാജ്യത്തിന് ഓസ്ട്രേലിയ നൽകുന്നത് ആദ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓസ്ട്രേലിയയുമായി നിലവിലുള്ള 2.53 ലക്ഷം കോടി രൂപയുടെ (31 ബില്യൻ ഡോളർ) വ്യാപാരം 4.08 ലക്ഷം കോടി രൂപയായി (50 ബില്യൻ ഡോളർ) വർധിക്കും. 2026ൽ ഇന്ത്യയുടെ കയറ്റുമതിയിൽ 81,674 കോടി രൂപയുടെ വർധന പ്രതീക്ഷിക്കുന്നു.