
മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തിൽ ഇന്ത്യ അയൽ രാജ്യങ്ങളേക്കാൾ പിന്നിലെന്ന് ഊക്‌ല ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് സേവനം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണ്.

രാജ്യത്തെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 12.41 എംബിപിഎസും (മെഗാബിറ്റ്‌സ്) ശരാശരി അപ്‌ലോഡ് 4.76 എംബിപിഎസും മാത്രമാണ്. എന്നാൽ ആഗോള ഡൗണ്‍ലോഡ് ശരാശരി 46.74 ഉം അപ്‌ലോഡ് 12.49 മാണ്. അതേസമയം ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ ശരാശരി 17.95 എംബിപിഎസ് ഡൗണ്‍ലോഡും, 11.16 എംബിപിഎസ് അപ്‌ലോഡ് വേഗവുമുണ്ട്. കൊച്ചു രാജ്യമായ മാലദ്വീപിലാകട്ടെ ശരാശരി ഡൗണ്‍ലോഡ് വേഗം 44.30 എംബിപിഎസ് ആണ്. അതായത് ഇന്ത്യയുടെ മൂന്നിരട്ടി.അപ്‌ലോഡ് വേഗം 13.83 എംബിപിഎസുമാണ്. സമാനമായി നേപ്പാളിലെ ഡൗണ്‍ലോഡ് വേഗം 18.44 എംബിപിഎസ് ആണെങ്കില്‍ അപ്‌ലോഡ് വേഗം 11.73 എംബിപിഎസ് ആണ്.എന്നാൽ ബംഗ്ലാദേശില്‍ ഡൗണ്‍ലോഡ് സ്പീഡ് ഇന്ത്യയിലേതിനേക്കാള്‍ അല്‍പം കുറവാണ്- 10.57 എംബിപിഎസ്. എന്നാല്‍, അപ്‌ലോഡ് വേഗം കൂടുതലുമാണ്- 7.19 എംബിപിഎസ്. അതേസമയം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ കാര്യത്തിൽ അയൽ രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യ.