
ഫോണിലേയ്ക്ക് ഒരു കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ തെളിയുന്ന വിധത്തിലുള്ള ക്രമീകരണം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).ടെലികോം ഓപ്പറേറ്റര്‍മാരുടെ പക്കലുള്ള കെ.വൈ.സി രേഖകള്‍ വച്ചാകും ഇത് നടപ്പിലാക്കുക. സേവന ദാതാക്കള്‍ കൃത്യമായി ഈ പ്രക്രിയ ചെയ്തിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് കെ.വൈ.സി രേഖകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനും സാധിക്കും. വ്യാജ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നതും ഒരു പരിധി വരെ തടയാനും ഇതിലൂടെ സാധിക്കും.ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും. അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും നിരവധി പരാതി ഉയര്‍ന്നിട്ടും വാണിജ്യാടിസ്ഥാനത്തില്‍ വരുന്ന സ്പാം കോളുകള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ട്രായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.അതേസമയം, ട്രായുടെ നീക്കത്തിനെതിരെ ചെറിയ രീതിയിലുള്ള എതിര്‍പ്പും ഉയരുന്നുണ്ട്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദമാണ് ഉയരുന്നത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാകും ട്രായ് മുന്നോട്ടുപോവുക.വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയശേഷം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് ട്രായ് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാകും അന്തിമ തീരുമാനം എടുക്കുക.