Auto
Trending

പുറത്തിറക്കും മുമ്പ്​ പുതിയ ഇ.വികളെല്ലാം വിറ്റുതീർന്ന് ബിഎംഡബ്ല്യു മിനി കൂപ്പർ മാജിക്

ബിഎംഡബ്ള്യുവി​െൻറ ഉടമസ്​ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി, സ്​പോർട്ടി ഹാച്ച്​ബാക്കുകളുടെ പേരിലാണ്​ ​ലോകത്ത്​ അറിയപ്പെടുന്നത്​. ഭാവി പ്രവർത്തനങ്ങൾ മുന്നിൽകണ്ട്​ ആദ്യത്തെ ഇലക്ട്രിക്​ കാർ രാജ്യത്ത്​ അവതരിപ്പിക്കുമെന്ന്​ മിനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. മിനി കൂപ്പർ എസ്​.ഇ എന്നാണ്​ ഇ.വി കാർ അറിയപ്പെടുക. വാഹനത്തിനുള്ള ബുക്കിങ് കമ്പനി കഴിഞ്ഞ ദിവസം​ ആരംഭിക്കുകയും ചെയ്​തു​. ഒരു ലക്ഷം രൂപ നൽകിയായിരുന്നു വാഹനം ബുക്ക്​ ചെയ്യേണ്ടിയിരുന്നത്​.ബുക്കിങ്​ ആരംഭിച്ച്​ ഏതാനും മണിക്കൂറിനുള്ളിൽ എല്ലാ യൂനിറ്റുകളും വിറ്റഴിഞ്ഞതായാണ്​ മിനി കമ്പനി അധികൃതർ പറയുന്നത്​. പുറത്തിറക്കുന്ന തീയതി പ്രഖ്യാപിക്കുന്നതിനോ, ഔദ്യോഗികമായി വില പ്രഖ്യാപിക്കുന്നതിനോ മുമ്പ്​ വാഹനം വിറ്റുതീർന്നത്​ കമ്പനിക്ക്​ വലിയ ആവേശം നൽകിയിട്ടുണ്ട്​.ആദ്യഘട്ടത്തിൽ 30 യൂനിറ്റുകളാണ്​ ഇന്ത്യയിൽ വിൽക്കുക. മിനി കൂപ്പർ എസ്​.ഇയ്ക്ക് ഏകദേശം 50 ലക്ഷം രൂപ ആയിരിക്കും എക്‌സ്-ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് എസ്​.ഇ ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ എന്നിവ എസ്​.ഇ പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി ഇവിടേയും ഇടം പിടിച്ചിട്ടുണ്ട്.സീറോ എമിഷൻ അർബൻ മൊബിലിറ്റി ഉൽപ്പന്നം നോക്കുന്നവർക്ക് ഒരു സോളിഡ് ഓപ്ഷനായി ഇലക്ട്രിക് മിനി മാറുമെന്നാണ്​ ബി.എം.ഡബ്ല്യു കണക്കാക്കുന്നത്​.നിലവിൽ, ഇന്ത്യയിലെ മിനി മോഡൽ ശ്രേണിയിൽ 3-ഡോർ ഹാച്ച്, മിനി ജോൺ കൂപ്പർ വർക്​സ്​ ഹാച്ച്, കൺവെർട്ടബിൾ, പ്രാദേശികമായി നിർമ്മിക്കുന്ന കൺട്രിമാൻ എന്നിവ ഉൾപ്പെടുന്നു.181 ബിഎച്ച്പി പവറും 270 എൻഎം ടോർക്കും നിർമിക്കുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 32.6 kWh ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് ഊർജം സ്വീകരിക്കുന്ന മോട്ടോർ മുൻചക്രങ്ങൾക്കാണ് കരുത്തുപകരുന്നത്. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും.ഒറ്റ ചാർജിൽ 235-270 കിലോമീറ്റർ വരെയാണ് കൂപ്പർ എസ്​.ഇക്ക്​ മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് രണ്ടര മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഫുൾ ചാർജിന് ഏകദേശം മൂന്ന് മണിക്കൂർ സമയം വേണം. വേഗതയേറിയ 50 kW ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 35 മിനിറ്റായി കുറയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

Related Articles

Back to top button