
ചൈനീസ് ടെക് കമ്പനിയായ വാവോ ആൻഡ്രോയ്ഡ് ഒഎസിനു പകരമായി വികസിപ്പിച്ച ഹാർമണി ഒഎസിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. ചൈനയിലെ ഷെൻസെനിൽ നടക്കുന്ന വാവോ ഡെവലപ്പർ കോൺഫറൻസിൽ വെച്ച് കൺസ്യൂമർ ബിസിനസ് സിഇഒ റിച്ചാർഡ് യു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്മാർട്ട്ഫോണുകൾക്ക് പുറമേ മറ്റു ഉപകരണങ്ങളിലേക്കും ഒഎസ് എത്തിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
നിലവിൽ 128 എംബി റാം ശേഷിയുള്ള ഉപകരണങ്ങളിൽ മാത്രമേ ഹാർമണി ഒഎസ് ലഭ്യമാവൂ. എന്നാൽ അടുത്ത വർഷം 4ജിബി റാം ശേഷിയിലേക്ക് ഇത് ഉയർത്തും. കൂടാതെ അടുത്ത വർഷം ഒക്ടോബറോടെ ഈ മെമ്മറി പരിധിയും പൂർണ്ണമായും ഒഴിവാക്കും.

ഹാർമണി ഒഎസ് സോഫ്റ്റ്‌വെയർ ഡെവലപ്പർ കിറ്റിന്റെ ബീറ്റ പതിപ്പ് ഇന്ന് മുതൽ ഡെവലപ്പർമാർക്ക് ലഭ്യമാകും. തുടക്കത്തിൽ സ്മാർട്ട് വാച്ചുകൾ, കാർ ഇൻഫോർടൈൻമെന്റ് സിസ്റ്റം, സ്മാർട്ട് ടിവി തുടങ്ങിയവയിൽ മാത്രമായിരിക്കും ഹാർമണി ഒഎസ് ഉൾപ്പെടുത്തുക. സ്മാർട്ട്ഫോണുകൾക്കുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് കിറ്റ് ഡിസംബറിൽ പുറത്തിറക്കും. ഹാർമണി ഒഎസിലുള്ള ഫോണുകൾ അടുത്തവർഷം പുറത്തിറക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓപ്പൺസോഴ്സ് പ്രൊജക്റ്റ് സമാനമായി ഡെവലപ്പർമാർക്ക് ഒഎസിന്റെ ഓപ്പൺ സോഴ്സ് പതിപ്പ് നിർമ്മിക്കാൻ അനുവദിക്കുന്ന ഓപ്പൺ ഹാർമണി പ്രൊജക്ടിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്.
യുഎസിന്റെ കടുത്ത വിലക്കുകളെ തുടർന്ന് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കാൻ ചൈനീസ് കമ്പനിയായ വാവയ്ക്ക് അനുവാദമില്ല. ഈ നടപടി ആഗോളതലത്തിൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാമത് നിന്നിരുന്ന വാവോയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ആൻഡ്രോയ്ഡ് ഒഎസിനു പകരമായി വാവാവോ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത്.