
ചൈനീസ് കമ്പനിയായ വാവെയ് ഈ വർഷത്തെ കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പ്രോസസറായ കിരിൻ 9010 പുറത്തിറക്കി. ഇതൊരു 3എൻഎം പ്രോസസറാണ്. ഇതിനുമുൻപ് കമ്പനി പുറത്തിറക്കിയിരുന്ന പ്രധാന പ്രോസസർ കിരിൻ 9000 സീരിസായിരുന്നു. ഇതിൽ 5എൻഎം പ്രോസസറായിരുന്നു ഉപയോഗിച്ചിരുന്നത്.

വാവെയുടെ പുത്തൻ പ്രോസസറും 5എൻഎം കേന്ദ്രീകൃതമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ എൻജിനീയർമാരുടെ വിരുത് ഒരിക്കൽക്കൂടി പുറത്തു കാണിച്ചിരിക്കുകയാണ് കമ്പനി. കമ്പനി കുറഞ്ഞത് രണ്ടു വർഷക്കാലത്തേക്കെങ്കിലും 5എൻഎം പ്രോസസർ ഉപയോഗിച്ചേക്കുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഈ വർഷം അവസാനം പുറത്തിറങ്ങുന്ന വാവെയ് മെയ്റ്റ് 2021 ലായിരിക്കും ഈ പുതിയ പ്രോസസർ അരങ്ങേറ്റം കുറിക്കുക. ഈ വർഷംതന്നെ ആപ്പിളും 3എൻഎം പ്രോസസർ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുണ്ട്. എങ്കിലും ആദ്യ 3എൻഎം പ്രോസസർ ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോൺ ഇറക്കിയ കമ്പനിയെന്ന ഖ്യാതി വാവെയ് തന്നെ സ്വന്തമാക്കിയേക്കും.