
ഇന്ത്യയിലെ ഇരുചക്രവാഹന മേഖലയിൽ പുത്തൻ ട്രെൻഡിന് തുടക്കം കുറിച്ച വാഹനമായ ഹോണ്ട ആക്ടീവയുടെ യാത്ര തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്. 2000ലാണ് വാഹനം നിരത്തുകളിലെത്തുന്നത്. രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ സന്തോഷം ഉപഭോക്താക്കൾക്കൊപ്പം ആഘോഷിക്കുന്നതിനായി ആക്ടീവയുടെ 20 ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കുകയാണ് ഹോണ്ട. വാഹനത്തിൻറെ ഏറ്റവും പുതിയ പതിപ്പായ 6ജിയാണ് 20 ആനിവേഴ്സറി എഡിഷനായി രൂപം മാറുന്നത്.

10 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പുനൽകുന്ന 110സിസി പി ജി എം- എഫ് ഐ എൻജിനാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഇത് 7.68 ബിഎച്ച്പി പവറും 8.79 എൻഎം ടോർക്കും സൃഷ്ടിക്കും.സൈലന്റ് സ്റ്റാർട്ട് സംവിധാനം, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. ബ്ലാക്ക് വീൽ ഡിസ്ക്കുകൾക്കൊപ്പം മാറ്റ് ബ്രൗൺ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നീ രണ്ട് ബോഡി കളറുകളിലാണ് ഈ പ്രത്യേക പതിപ്പ് വിപണിയിലെത്തുന്നത്. മുന്നിൽ സിൽവർ-ഗോൾഡൻ നിറങ്ങൾ നൽകി അലങ്കരിച്ചിരിക്കുന്നതിനൊപ്പം വശങ്ങളിലെ ബാഡ്ജിങ് ഗോൾഡൻ ഫിനിഷിലാണ്. ഹോണ്ടയുടെ എൻഹാൻസ്ഡ് സ്മാർട്ട് പവർ സാങ്കേതികവിദ്യക്കൊപ്പം 26 പേറ്റൻറ് ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയാണ് ഈ ആനിവേഴ്സറി എഡിഷൻ എത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ആനിവേഴ്സറി എഡിഷന് യഥാക്രമം 66,816 രൂപയും 68,316 രൂപയുമാണ് എക്സ് ഷോറൂം വില.