
ഇന്ത്യൻ നിരത്തുകളിൽ റോയൽ എൻഫീൽഡ് കുത്തകയായ 350 സിസി ബുള്ളറ്റുകൾക്കൊരു എതിരാളിയെ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഹോണ്ടയുടെ ഹൈനെസ് സിബി 350 ഇന്ത്യൻ നിരത്തുകളിലെത്തി. ഹോണ്ട ബിഗ്വിൻ ശ്രേണിയിലെ മൂന്നാമത്തെ ബി എസ് 6 മോഡലായ ഇതിന് 1.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതിൻറെ 350 സിസി എൻജിന് 21 പിഎസ് കരുത്തും 330എൻ എം ടോർക്കുമുണ്ട്.

ആകർഷകമായ ഡിസൈനിലെത്തുന്ന ഈ വാഹനത്തിൽ റൗണ്ട് ഹെഡ്ലൈറ്റ്, സിംഗിൾ പോർഡ് ഇൻസ്ട്രുമെൻസ് ക്ലാസ്സർ, അലോയ് വീലുകൾ, അല്പം ഉയർന്നുനിൽക്കുന്ന ക്രോമിയം ഫിനിഷിംഗുള്ള എക്സ് ഹോസ്റ്റ്, ക്രോം ഫിനിഷിങ്ങുള്ള ഫെൻഡറുകൾ, മികച്ച ഡിസൈനിലുള്ള ടെയിൽ ലാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് ഫോൺ വോയിസ് കൺട്രോളർ സിസ്റ്റമാണ് വാഹനത്തിലെ സാങ്കേതികവിദ്യയെ മികവുറ്റതാക്കുന്നത്. ഇതിലൂടെ ഫോൺകോളുകൾ സ്വീകരിക്കാനും നാവിഗേഷൻ, മെസ്സേജ്, മ്യൂസിക് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാനും സാധിക്കും. ഇത്തരത്തിലുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കുന്ന ഹൈനെസ് ശ്രേണിയിലെ ആദ്യ വാഹനമാണിത്.
ഗാംഭീര്യമുള്ള ശബ്ദവും കണക്റ്റിവിറ്റി അടക്കമുള്ള സൗകര്യങ്ങളും ദീർഘയാത്രകൾക്കും ചെറു യാത്രകൾക്കും അനുയോജ്യമായ റൈഡിങ് പൊസിഷൻ ഒക്കെയാണ് ഇതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ, ബെനേലി ഇംപീരിയാലേ 400 എന്നിവയാണ് ഇതിലെ പ്രധാന എതിരാളികൾ.