
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് (എച്ച് എൻ എൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. എച്ച് എൻ എൽ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 142 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ സർക്കാർ കിൻഫ്രയ്ക്ക് അനുവാദം നൽകി. കമ്പനിയുടെ വിൽപനയ്ക്കായി കോടതി നിയോഗിച്ച റസല്യൂഷൻ പ്രൊഫഷണൽ കുമാർ രാജന് പുതുക്കി ഏറ്റെടുക്കൽ പദ്ധതി ഇന്ന് സമർപ്പിക്കും.

നഷ്ടത്തിലായ കമ്പനി വിൽക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ് റസല്യൂഷൻ പ്രൊഫഷണലിനെ ( ആർ പി) നിയമിച്ചത്. കമ്പനിയുടെ കടങ്ങൾ തീർത്ത് സർക്കാറിന് കൈമാറുന്നതിന് 350 കോടി രൂപയാണ് ആർ പി ആവശ്യപ്പെട്ടത്. ആർ പിയുമായി ചർച്ച നടത്താൻ കേരള സർക്കാർ കിൻഫ്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.133 കോടി രൂപ കിൻഫ്ര ആദ്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആർ പി അത് കൂട്ടി നൽകാൻ ആവശ്യപ്പെട്ടു. അതോടെ 5% തുക (ഒൻപത് കോടി രൂപ) കൂട്ടു നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു. കിൻഫ്രയും സ്വകാര്യ കമ്പനിയായ സൺ പേപ്പേഴ്സും മാത്രമാണ് കമ്പനി ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. എന്നാൽ സൺ പേപ്പേഴ്സ് കിൻഫ്ര പറഞ്ഞതിലും കുറഞ്ഞ തുകയാണ് വാഗ്ദാനം ചെയ്തത്. കിൻഫ്രയുടെ പുതിയ വാഗ്ദാനം എച്ച് എൻ എല്ലിന് വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കും. അവർ കൂടി ഇത് അംഗീകരിച്ചാൽ എച്ച് എൻ എൽ സംസ്ഥാനത്തിന് കൈമാറാൻ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവിറക്കും.