
രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപ്പിൻറെ പുത്തൻ വാഹനമായ ഹീറോ എക്സ്ട്രീം 200 എസിന്റെ ബി എസ് 6 എൻജിൻ മോഡൽ ഉടൻ നിരത്തുകളിലെത്തും. അവതരണത്തിൻറെ ഭാഗമായി ഹീറോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വാഹനം സ്ഥാനം പിടിച്ചു കഴിഞ്ഞു. കമ്പനിയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുൾ ഫൈയോഡ് പതിപ്പായാണ് ഈ പുത്തൻ വാഹനമെത്തുന്നത്.

ആദ്യ വരവിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വാഹനത്തിൻറെ ഡിസൈനിൽ കാര്യമായ മാറ്റം വരുത്താതെയായിരിക്കും ഈ രണ്ടാം വരവ്. മുന്നിലെ ഫുൾ ഫെയറിങ്, ഹെഡ്ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് വാഹനത്തിൻറെ ഹൈലൈറ്റ്. സുഖകരമായ യാത്രയ്ക്കായി മുന്നിൽ ടെലിസ്കോപിക്കൽ ഫോർക്കും പിന്നിൽ ഏഴ് രീതികളിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ഒരുക്കിയിരിക്കുന്നത്. മസ്കുലാർ ഫ്യൂവൽ ടാങ്ക്, വിൻഡ് സ്ക്രീൻ, സ്പ്ലിറ്റ് ഗ്രാബ് റെയിൽ എന്നിവയും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
ഹീറോയുടെ എക്സ്പൾസിൽ നൽകിയ 200സിസി ഓയിൽ കൂൾഡ് എൻജിനായിരിക്കും ഈ വാഹനത്തിൽ നൽകുകയെന്നും സൂചനയുണ്ട്. സുരക്ഷയ്ക്കായി മുന്നിൽ 276 എംഎമ്മും പിന്നിൽ 220 എംഎമ്മും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിൾ ചാനൽ എബിഎസും വാഹനത്തിൽ നൽകിയിട്ടുണ്ട്.