
ഹീറോയുടെ എക്സ് സെൻസ് സാങ്കേതിക വിദ്യക്കൊപ്പം ബിഎസ് 6 എൻജിനിലെത്തുന്ന ഹീറോ മോട്ടോർ കോർപ്പിന്റെ ഹീറോ എക്സ്ട്രീം 200 എസിന്റെ പുത്തൻ പതിപ്പ് വിപണിയിലെത്തി. ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേർഡ് പതിപ്പായ 200 എസിന് 1.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

യുവത്വം തുളുമ്പുന്ന രീതിയിലുള്ള ഡിസൈനാണ് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഫുൾ ഫെയറിങ്ങിനൊപ്പം എൽഇഡിയിൽ തീർത്തിരിക്കുന്ന ട്വിൻ ഹെഡ് ലാമ്പും ടെയിൽ ലാമ്പുമാണ് ഇതിൻറെ ഹൈലൈറ്റ്. സുഖകരമായ യാത്ര പ്രധാനം ചെയ്യുന്നതിന് മുന്നിൽ ടെലസ്കോപിക്കൽ ഫോർക്കും പിന്നിൽ ഏഴ് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. ഒപ്പം മികച്ച സുരക്ഷയ്ക്കായി മുന്നിൽ 276 എംഎമ്മും പിന്നിൽ 220 എംഎമും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിൾ ചാനൽ എബിഎസ് നൽകിയിരിക്കുന്നു. കണക്ട് ബൈക്ക് സംവിധാനത്തോടെയാണ് വാഹനം എത്തുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, ഗിയർ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ തുടങ്ങിയവ ബൈക്കിന്റെ സാങ്കേതികമികവ് എടുത്തുകാണിക്കുന്നു.