
ആഗോളതലത്തിലെത്തന്നെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർ കോർപ്പിൻറെ ഇതുവരെയുള്ള മൊത്തം ഉല്പാദനം പത്തുകോടി യൂണിറ്റ് പിന്നിട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നിർമാണശാലയിൽ നിർമ്മിച്ച എക്സ്ട്രീം 160 ആർ ബൈക്കാണ് ഹീറോ മോട്ടോർ കോർപ്പിനെ പത്തുകോടി ഉൽപാദനം എന്ന നേട്ടത്തിലെത്തിച്ച വാഹനം. 2013 ലായിരുന്നു കമ്പനിയുടെ മൊത്തം ഉൽപാദനം അഞ്ച് കോടിയിലെത്തിയത്.

ആഗോളതലത്തിൽതന്നെ ഇത്രവേഗം ഉൽപ്പാദനം 10 കോടി യൂണിറ്റ് കൈവരിക്കുന്നത് ഇതാദ്യമായാണ്ന്ന് ഹീറോ മോട്ടോർകോർപ് അവകാശപ്പെടുന്നു. ഉൽപാദന മേഖലയിലെ ഈ അപൂർവ നേട്ടം ആഘോഷമാക്കാൻ എക്സ്ട്രീം 160 ആറടക്കം ആറു പ്രത്യേക പതിപ്പുകളാകും കമ്പനി അവതരിപ്പിക്കുക. മോട്ടോർസൈക്കിളുകളായ സ്പ്ലെൻഡർ പ്ലസ്, പാഷൻ പ്രോ,എക്സ്ട്രീം 160 ആർ, ഗ്ലാമർ എന്നിവയുടെയും സ്കൂട്ടറുകളായ ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 എന്നിവയുടെ പ്രത്യേക പതിപ്പുകളാണ് കമ്പനി പുറത്തിറക്കുക. ഈ പ്രത്യേക പതിപ്പുകളെല്ലാം അടുത്തമാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോഡലുകളുടെ കൂടുതൽ വിവരങ്ങളോ വിലയോ കമ്പനി പുറത്തുവിട്ടിട്ടില്ല. വളർച്ചയിലേക്കുള്ള ഈ യാത്ര തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോർ കോർപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.പവൻ മഞ്ജുൾ പറഞ്ഞു. പുത്തൻ സഞ്ചാര സാധ്യതകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി ഗവേഷണ, വികസന മേഖലകളിലെ നിക്ഷേപം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.