
ഇന്ത്യയിലെ ബിസിനസ് മാതൃക പരിഷ്കരിക്കാനൊരുങ്ങുകയാണ് യുഎസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർ കോർപ്പുമായി സഹകരിച്ചുള്ള പ്രവർത്തനം മുൻനിർത്തിയാണ് ഹാർലി ഡേവിഡ്സണിന്റെ ഇന്ത്യയിലെ ബിസിനസ് മാതൃകയിൽ പൊളിച്ചെഴുത്ത് നടത്തുന്നത്.

ഹീറോ മോട്ടോർ കോർപ്പുമായുള്ള പങ്കാളിത്തത്തിൽ ഇന്ത്യയിലെ പ്രവർത്തനം തുടരാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് കമ്പനി അറിയിച്ചു. ഒപ്പം ഇന്ത്യയിലെ ഹാർലി ഡേവിഡ്സൺ ഉടമസ്ഥർക്കായി ലഭ്യമായ വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കുന്നുണ്ടെന്ന് ഹാർലി-ഡേവിഡ്സൺ മാനേജിങ് ഡയറക്ടർ സജീവ് ശേഖരൻ പറഞ്ഞു. ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിൾ വിൽപ്പന മാത്രമല്ല പാർട്സ്, ആക്സസറീസ്, ജനറൽ മാർച്ചഡൈസ് തുടങ്ങിയവയുടെ വില്പനയും ജനുവരി ഒന്നു മുതൽ സാധാരണ നിലയിൽ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവച്ച കരാർ പ്രകാരം ഇന്ത്യയിലെ ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിളുകളുടെ വിൽപനയും വിൽപ്പനാനന്തര സേവനവും ഇനി ഹീറോ മോട്ടോർ കോർപ്പിൻറെ ഉത്തരവാദിത്വത്തിലാകും. ഒപ്പം ഹാർലിയുടെ ബ്രാൻഡിൽ വിൽക്കുന്ന ചില പ്രീമിയം മോട്ടോർ സൈക്കിളുകളുടെ നിർമ്മാണ ചുമതലയും ഹീറോ മോട്ടോർ കോർപ്പ് ഏറ്റെടുക്കും.