
അമേരിക്കൻ കമ്പനിയായ ഹാർലി-ഡേവിഡ്സണിന്റെ ബൈക്കുകൾ ഇനിയും ഇന്ത്യൻ വിപണിയിൽ വിൽക്കും. എന്നാൽ ഇനി ഈ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നതും സർവീസ് ചെയ്യുന്നതും ഇന്ത്യൻ കമ്പനിയായ ഹീറോ മോട്ടോർ കോർപ്പായിരിക്കും. ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നെയിമിൽ പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാനും വിൽക്കാനും ഹീറോയ്ക്ക് അനുമതിയുണ്ട്.

ഹാർലി ഷോറൂമുകളിലൂടെയും ഹീറോ ഷോറൂമുകളിലൂടെയും ഹാർലി ഉൽപ്പന്നങ്ങൾ വിൽക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു. ഹാർലി-ഡേവിഡ്സൺ പുറത്തിറക്കുന്ന അനുബന്ധ ഉപകരണങ്ങളായ റൈഡിങ് ഗിയർ, വാഹനങ്ങളുടെ പാർട്സുകൾ തുടങ്ങിയവ ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ലൈസൻസിംഗ് കരാർ അടിസ്ഥാനത്തിൽ കൂടുതൽ ബൈക്കുകൾ നിർമിക്കാനും ധാരണയായിട്ടുണ്ട്. ഹാർലിയുടെ എൻട്രി ലെവൽ ബൈക്കുകളായിരിക്കും ഹീറോയുടെ ബാഡ്ജിലെത്തുകയെന്നും സൂചനയുണ്ട്.
ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹീറോയുമായി സഹകരിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നത്. ഈ സഹകരണം കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഇരുകമ്പനികളും പറയുന്നു.