
ഉത്സവകാലം ആഘോഷമാക്കാൻ ടാറ്റയിൽ നിന്ന് ഒരു പുത്തൻ വാഹനം കൂടിയെത്തുന്നു. പ്രീമിയം എസ് യു വി ഹാരിയറിന്റെ കാമോ എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. 16.50 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഈ വാഹനത്തിൻറെ മാനുവൽ XT വേരിയന്റും ഓട്ടോമാറ്റിക് XZ വേരിയന്റുമാണ് നിരത്തുകളിലെത്തുക.

ആകർഷകമായ മാറ്റങ്ങൾ വരുത്തിയ ഇൻറീരിയറും എക്സ്റ്റീരിയറുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയ് വീൽ, ഡിസൈൻ നൽകിയിട്ടുള്ള റൂഫ്, വാഹനത്തിൻറെ വശങ്ങളിലെ കാമോ ബാഡ്ജിങ് എന്നിവ വാഹനത്തിന് മികച്ച പുറംമോടിയേകുന്നു. കാമോ ബോഡി ഗ്രീ കളറാണ് വാഹനത്തിൻറെ ഹൈലൈറ്റ്. ഒപ്പം ബ്ലാക്ക് ഫിനിഷിൽ ഒരുക്കിയിട്ടുള്ള മാട്രിക്സ് ഡാഷ് ബോർഡ് അകത്തളത്തിന് പുതുമ നൽകുന്നു. ബാക്ക് സീറ്റ് ഓർഗനൈസർ, ത്രീഡി മോഡൽ മാറ്റുകൾ, ആൻറി സ്കിഡഡ് ഡാഷ് മാറ്റുകൾ, സൺഷേഡുകൾ എന്നിവയും ഈ വാഹനത്തിന് നൽകിയിട്ടുണ്ട്.
2.0 ലിറ്റർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും സൃഷ്ടിക്കും. ഈ സ്പെഷ്യൽ എഡിഷൻ വാഹനത്തിനു പുറമേ കാമോ സ്റ്റെൽത്ത്, കാമോ സ്റ്റെൽത്ത് പ്ലസ് എന്നീ രണ്ട് ആക്സസറി ഓപ്ഷനുകളും കമ്പനി ഇറക്കുന്നുണ്ട്.