
ഐക്കണിക്ക് അമേരിക്കൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹാർലി – ഡേവിഡ്സൺ മോട്ടോർ കമ്പനിയുടെ പ്രവർത്തനമവസാനിപ്പിക്കുന്നത് ബ്രാൻഡിന്റെ 35 ഡീലർഷിപ്പുകളിലായി 2,000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഓട്ടോമൊബൈൽ ഡീലർ ബോഡി അറിയിച്ചു. ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ നിന്ന് എക്സിറ്റ് ചെയ്യാൻ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചു.

തൊഴിൽ നഷ്ടത്തിനു പുറമേ കമ്പനിയുടെ എക്സിറ്റ് രാജ്യത്തെ ബ്രാൻഡിന്റെ ഡീലർ പങ്കാളികൾക്ക് 130 കോടിയുടെനഷ്ടമുണ്ടാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലർ അസോസിയേഷൻ (FADA) പറഞ്ഞു. ഹാർലി ഡേവിഡ്സൺ അതിൻറെ എക്സിറ്റിനെക്കുറിച്ച് പങ്കാളികളെ അറിയിച്ചിട്ടില്ലെന്നും ഡീലർമാർക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഫഡ പ്രസിഡൻറ് വിങ്കേഷ് ഗുലാത്തി കൂട്ടിച്ചേർത്തു. ആഡംബര ഇരുചക്രവാഹന ഡീലർഷിപ്പിൽ 35 ഡീലർമാരാണുള്ളത്. കൂടാതെ വാഹനത്തിൻറെ സ്പെയറുകൾ ഇപ്പോൾ കുറവായതിനാൽ നിലവിലുള്ള ഉപഭോക്താക്കളെ ഇത് ബാധിക്കും. ഇതും ഡീലർമാർക്ക് പ്രതികൂലമാകും.
ജനറൽ മോട്ടോഴ്സ്, മാൻ ട്രാക്കുകൾ,യു.എം ലോഹിയ എന്നിവയ്ക്ക് ശേഷം മൂന്നു വർഷത്തിനിടയിൽ രാജ്യത്ത് നിന്ന് എക്സിറ്റ് ചെയ്യുന്ന നാലാമത്തെ കമ്പനിയാണ് ഹാർലി ഡേവിഡ്സൺ. കരാർ കാലയളവിൽ ഡീലർ ശൃംഖലയിലൂടെ നിലവിലുള്ള ഉപഭോക്താക്കളെ തുടർന്നും സേവിക്കുമെന്ന് കമ്പനി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹരിയാനയിലെ ബവാലിലെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടാനും ഗുരുഗ്രാമിലെ സെയിൽസ് ഓഫീസിൻറെ വലുപ്പം ഗണ്യമായി കുറയ്ക്കാനും ഉദ്ദേശിക്കുന്നതായി പ്രസ്താവനയിൽ പറയുന്നുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ ഉത്പാദനം 16,753 യൂണിറ്റിൽ നിന്ന് 4,533 യൂണിറ്റായി കുറഞ്ഞിരുന്നു. ഇതിനു സമാനമായി വില്പന 4,708 യൂണിറ്റിൽ നിന്ന് 2,470 യൂണിറ്റായി കുറഞ്ഞിരുന്നു.