
രാജ്യത്തെ ചരക്ക് സേവന നികുതിയിൽ(ജിഎസ്ടി) നിലവിലുള്ള സ്ലാബുകളുടെ എണ്ണം കുറച്ചേക്കും. 12 ശതമാനം, 18 ശതമാനം എന്നീ സ്ലാബുകളെ ഒരൊറ്റ സ്ലാബിൽ ലയിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. മാർച്ചിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. അഞ്ചാം ധനകാര്യ കമ്മീഷന്റേയും ചില സംസ്ഥാനങ്ങളുടെയും ആവശ്യം പരിഗണിച്ചാണിത്.

സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതിൻറെ ഭാഗമായി 12 ശതമാനത്തിലേറെയും 18 ശതമാനത്തെയും ഇടയിലുള്ള നിരക്കായിരിക്കും നിശ്ചയിക്കുക. ഇതോടെ നിലവിൽ 12 ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ വില വർദ്ധിക്കുകയും 18 ശതമാനം നികുതി ഈടാക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയിൽ കുറവുണ്ടാവുകയും ചെയ്യും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതു കൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്. സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതോടെ നെയ്യ്, വെണ്ണ, ചീസ് തുടങ്ങിയവയുടെ വില വർദ്ധിച്ചേക്കും. വസ്ത്രങ്ങൾ, സോപ്പ്, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ വില കുറയുകയും ചെയ്യും. എന്നാൽ ഇനം തിരിച്ചുള്ള നികുതി നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം പ്രത്യേക സമിതിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകൂ.