
ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനി. 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്.ബ്ലൂംബെർഗ് ആഗോള ശതകോടീശ്വരപട്ടികയിലൂടെ ഇത് വ്യക്തമാക്കുന്നു.മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്.

ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്.ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്.ജെഫ് ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്.