Big B
Trending

പുതിയ ഉയരം കീഴടക്കി വിദേശ നാണ്യ കരുതൽ ശേഖരം

രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോഴും സാമ്പത്തിക രംഗത്തിന് ആശ്വാസമായി വിദേശ നാണ്യ കരുതൽ ശേഖരം പുതിയ ഉയരം കീഴടക്കി.മേയ് 21ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 59289.40 കോടി ഡോളറിലെത്തി. കരുതൽ ശേഖരത്തിൽ ഇതോടെ ഇന്ത്യ ലോകത്തിലെ ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചിലൊന്നു വരും വിദേശ നാണ്യ കരുതൽ ശേഖരം. 18 മാസത്തെ ഇറക്കുമതി ആവശ്യത്തിന് തുല്യമായ തുകയാണിത്. വിദേശ കറൻസികളിലെ ആസ്തികളിൽ ഉണ്ടായ വർധന, സ്വർണ ശേഖരത്തിലെ ഉയർച്ച എന്നിവയാണ് കരുതൽ ശേഖരം റെക്കോർഡ് തലത്തിൽ എത്തിച്ചത്.


ജനുവരി 29ന് അവസാനിച്ച ആഴ്ചയിലാണ് ഇതിനു മുൻപ് ഉയർന്ന തലം കൈവരിച്ചത്–59018.50 കോടി ഡോളർ. അവലോകന വാരത്തിൽ സ്വർണ ശേഖരത്തിൽ കുതിച്ചു ചാട്ടമുണ്ടായി. 118.7 കോടി ഡോളർ ഉയർന്ന് 3684.10 കോടി ഡോളറായി.കുറഞ്ഞ തോതിലായിരുന്ന കരുതൽ ശേഖരം 2019ൽ ആണ് ഉയർന്നു തുടങ്ങിയത്. കഴിഞ്ഞ വർഷം ജൂൺ 5ന് അവസാനിച്ച ആഴ്ചയിൽ ഇത് ആദ്യമായി 50,000 കോടി ഡോളർ കടന്നു. പിന്നീട് അങ്ങോട്ട് കയറ്റമായിരുന്നു. ആഗോള, ആഭ്യന്തര സാമ്പത്തിക രംഗത്ത് കോവിഡ് കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമ്പോഴും, രാജ്യത്തിന്റെ കരുതൽ ശേഖരത്തിൽ രേഖപ്പെടുത്തിയ വർധന കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.കരുതൽ ശേഖരത്തിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 3,33,0,40 കോടി ഡോളർ. രണ്ടാം സ്ഥാനം ജപ്പാനും. 1,37,8,46കോടി ഡോളർ. 1,05,2,01 കോടി ഡോളറുമായി സ്വിറ്റ്സർലൻഡ് മൂന്നാം സ്ഥാനത്തുമാണ്.

Related Articles

Back to top button