Uncategorized
Trending

ക്ഷേമപദ്ധതികൾ ആവോളം; തൊഴിൽ-വിദ്യാഭ്യാസം മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്

ക്ഷേമപദ്ധതികൾ ആവോളമുള്ളതും തൊഴിൽ-വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുന്നതുമായ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. തറവില നിശ്ചയിച്ച് കർഷകർക്കനുകൂലമായ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഒപ്പം റേഷൻ കടകൾ വഴിയുള്ള സൗജന്യ കിറ്റ് വിതരണം ഇനിയും തുടരും. വെള്ള, നീല കാർഡുകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരിയും വിതരണം ചെയ്യും.

കർഷകർക്ക് ആശ്വാസം പകരുന്ന ബജറ്റ് കൂടിയാണിത്. റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് തറവില 170 രൂപയായി ഉയർത്തിയിട്ടുണ്ട്. നെല്ലിന് 28 രൂപയും നാളികേരത്തിന് 32 രൂപയും തറവില നിശ്ചയിച്ചു. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ നിരവധി പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റഫോം വഴി അഞ്ചുവർഷം കൊണ്ട് ഇരുപത് ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകുന്ന പദ്ധതിക്കും തുടക്കംകുറിക്കും. ഒപ്പം ആരോഗ്യ മേഖലയിൽ 4000 പുതിയ തസ്തികകൾ സൃഷ്ടിക്കും. കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയോടെ പൂർത്തിയാക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിവർത്തനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ ആവിഷ്കരിക്കുന്നുണ്ട്. 5 ലക്ഷം വിദ്യാർഥികൾക്ക് കൂടി പഠന സൗകര്യം ഏർപ്പെടുത്തും. 1000 അധ്യാപകരെ നിയമിക്കും. സർവകലാശാലകളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി 2000 കോടി രൂപയുടെ സഹായം നൽകും. പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്ക് 50% വാഹനനികുതി ഒഴിവു നൽകും. ഒപ്പം പ്രളയ സെസ് ഓഗസ്റ്റ് മുതലുണ്ടാകില്ല. റെക്കോർഡ് തകർത്ത ഇത്തവണത്തെ ബജറ്റ് പ്രസംഗം രാവിലെ ഒൻപതിന് ആരംഭിച്ച ഉച്ചയ്ക്ക് 12.17 വരെ നീണ്ടു.

Related Articles

Back to top button