കോൾ പരിശോധനയും ഒപ്പും മറ്റനേകം സംവിധാനങ്ങളുമായി ഗൂഗിളിന്റെ വെരിഫൈഡ് കോൾസ് ഒരുങ്ങുന്നു.

വഞ്ചന കോളുകളെയും യഥാർത്ഥ ബിസിനസ് നമ്പറുകളിൽ നിന്നുള്ള കോളുകളേയും തിരിച്ചറിയാൻ കഴിയുന്ന പുതിയ ഗൂഗിൾ അസിസ്റ്റൻറ് സംവിധാനം ഗൂഗിൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് 11 ഇപ്പോൾ പിക്സൽ ഫോണുകളിലേക്ക് വ്യാപിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഈ പുതിയ പ്രഖ്യാപനത്തിലൂടെ ഇന്ത്യക്കാരെയും ലോകത്തെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്ന നിർണായക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ് ഗൂഗിൾ.
ഇന്ത്യ, ബ്രസീൽ, മെക്സിക്കോ, സ്പെയിൻ, യുഎസ് തുടങ്ങിയ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി കോൾസ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു. ഈ കോൾ സ്ക്രീനിംഗ് സംവിധാനം, ഉപഭോക്താക്കളെ വിളിക്കുന്ന ആളെയും കോളിന്റെ കാരണവും അറിയിക്കുന്നു. ‘വെരിഫൈഡ് കോൾസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം ആൻഡ്രോയ്ഡിനുള്ള ഫോൺ ആപ്ലിക്കേഷനായി ലഭ്യമാകും. ഇതു സാധാരണയായി സ്റ്റോക്ക് ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന മിക്ക സ്മാർട്ട്ഫോണുകളിലും ലോഡ് ചെയ്തതാണ്. ഈ ആഴ്ച അവസാനത്തോടെ ഇത് ഡൗൺലോഡിനായി സജ്ജമാകും.

ഈ ആപ്ലിക്കേഷൻ മുഖേന പരിശോധിച്ച കോളുകൾ പ്രവർത്തനക്ഷമമാക്കിയാൽ ഉപഭോക്താവിന് ഒരു പേര്, നീല കവചത്തിലുള്ള വെളുത്ത ടിക്ക് മാർക്ക് ( ഇതാണ് സ്ഥിരീകരണം), വിളിക്കാനുള്ള കാരണം എന്നിവ കാണാം. വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ സംഭവിക്കുകയോ ശേഖരിക്കുകയോ ചെയ്യാതെ സുരക്ഷിതമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറഞ്ഞു.
200 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപഭോക്താക്കളെ സമ്പാദിച്ച ലോകത്തിലെ ഏറ്റവും വലിയ കോളർ ഐഡിഫിക്കേഷൻ ഡാറ്റാബേസുകളിലൊന്നായ ട്രൂകോളറുമായി നേരിട്ടുള്ള മത്സരത്തിലേക്ക് ഗൂഗിളിനെ ഈ പുതിയ ആപ്ലിക്കേഷൻ നയിക്കും. ട്രൂകോളറുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ ആപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നത് കോളിനൊരു കാരണം നൽകുന്നുവെന്നതാണ്.
ഒരു വ്യക്തിയെ കബളിപ്പിക്കുന്നതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാർഗം ഫോൺ കോളുകളാണ്. ഇത്തരത്തിലുള്ള കോളുകൾ വഴി അക്കൗണ്ടുകളിൽ നിന്ന് പണം കവർന്നതായി ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒരു പ്രശ്നം ഇന്ത്യയിൽ വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഗൂഗിൾ പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.