
ഗൂഗിളിൽ ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് രാജ്യത്തെ മാധ്യമങ്ങൾക്ക് പ്രതിഫലം നിർബന്ധമാക്കുന്ന നിയമ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ ഓസ്ട്രേലിയയിൽ തങ്ങളുടെ സേവനം നിർത്തലാക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ നീക്കം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതും നടപ്പാക്കാൻ പ്രയാസമുള്ളതുമാണെന്ന് ഗൂഗിളിന്റെ ഓസ്ട്രേലിയൻ, ന്യൂസിലാൻഡ് മേഖല മാനേജിങ് ഡയറക്ടർ മെൽ സിൽവ സെനറ്റിൽ അറിയിച്ചു. സർക്കാർ നിയമവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ഗൂഗിളിന്റെ ചില സേവനങ്ങൾ നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വൻകിട ടെക് കമ്പനികൾ മാധ്യമങ്ങളുമായും പ്രക്ഷേപകരുമായും വാർത്തകളുടെയും ഉള്ളടക്കത്തിന്റേയും റോയലിറ്റി പങ്കിടൽ നിർബന്ധമാകുന്നതാണ് പുതിയ നിയമം. എന്നാൽ ഗൂഗിളിന്റെ ഭാഗത്തുനിന്നുള്ള ഈ ഭീഷണിക്ക് വഴങ്ങില്ലെന്നും നിയമവുമായി മുന്നോട്ടുപോകുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. സെനറ്റ് അംഗങ്ങളും ഗൂഗിളിന്റെ മുന്നറിയിപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നിയമവുമായി മുന്നോട്ടു പോകുന്ന പക്ഷം തങ്ങളുടെ പ്ലാറ്റ്ഫോമിൽ വാർത്തകൾ പങ്കുവയ്ക്കുന്നത് വിലക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഫെയ്സ്ബുക്കും വ്യക്തമാക്കി.