
ഗൂഗിൾ സെർച്ച് റിസൾട്ടിൽ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയിൽ നിന്നുള്ള ചെറുവീഡിയോകൾ കൂടി ഉൾപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുന്നു. ട്വിറ്റർ ഉപഭോക്താക്കളായ സാദ് എകെ, ബ്രയാൻ ഫ്രെയിസ്ലെബൻ എന്നിവരാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.

Biryani, packers എന്നിവ പോലുള്ള ചില കീവേർഡുകൾ സെർച്ച് ചെയ്യുമ്പോഴാണ് വീഡിയോകൾ കാണാൻ സാധിക്കുക. നിലവിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിലാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭിക്കണമെന്നില്ല. കൂടുതൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വീഡിയോകൾ വൈകാതെ ഗൂഗിൾ സെർച്ച് റിസൾട്ടിൽ ലഭിച്ചേക്കാം. എന്നാൽ ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതിനാൽ ടിക് ടോക് വീഡിയോകൾ സെർച്ച് റിസൾട്ടിൽ ലഭിക്കില്ല. ഇങ്ങനെ സെർച്ചിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ ബ്രൗസറിനുള്ളിൽ തന്നെ തുറക്കാൻ സാധിക്കും. ഇന്ത്യയിൽ ഗൂഗിളിന്റെ ഡിസ്കവർ ഫീഡിൽ ഫയർവർക്ക് ടിവിയിൽ നിന്നുള്ള ചെറു വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്.