
സെർച്ച് അനുഭവം കൂടുതൽ ലളിതമാക്കുന്ന രീതിയിൽ സ്മാർട്ട് ഫോണുകളിലെ ഗൂഗിൾ സെർച്ചിന് പുത്തൻ ഡിസൈൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉപഭോക്താവിന് വളരെപ്പെട്ടെന്ന് തന്നെ സെർച്ച് റിസൽട്ട് പരിശോധിക്കാനും അത് മനസ്സിലാക്കാനും സാധിക്കുന്ന വിധത്തിൽ വലുതും കട്ടിയുള്ളതുമായ അക്ഷരങ്ങളുൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്.

ഫോൺ സ്ക്രീനിനെ പരമാവധി വീതി ഉപയോഗപ്പെടുത്തിയായിരിക്കും സർച്ച് റിസൾട്ട് കാണിക്കുക. വൃത്തിയുള്ള പശ്ചാത്തലം, മനപ്പൂർവമുള്ള നിറങ്ങളുടെ ഉപയോഗം, കാഴ്ച്ചയ്ക്ക് പ്രാധാന്യം നൽകിയുള്ള ഡിസൈൻ എന്നിവയാണ് പുതിയ ഗൂഗിൾ സെർച്ച് ഡിസൈനിന്റെ പ്രധാന പ്രത്യേകതകൾ. ആൻഡ്രോയ്ഡിലും ജി-മെയിലിലും മറ്റ് ഗൂഗിൾ ഉൽപ്പന്നങ്ങളിലും ഇതിനോടകം ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോണ്ടുകളും ഈ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള ഡിസൈനുകളേക്കാൾ സെർച്ച് റിസൾട്ടിലെ വിവരങ്ങൾ ആളുകളുടെ ശ്രദ്ധയിൽ പതിയുന്ന വിധത്തിൽ ഗൂഗിൾ സെർച്ചിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ ഡിസൈനർ ഐലീൻ ചെങ് പറഞ്ഞു.