
ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ അതിവേഗത്തിലെത്തിക്കുന്നതിനുള്ള പ്രോജക്റ്റ് ട്രെബിൾ പദ്ധതിയിൽ കൈകോർത്തിരിക്കുകയാണ് ഗൂഗിളും ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോമും. ആൻഡ്രോയ്ഡ് 11 മുതലാണ് ക്വാൽകോമുമായി ചേർന്നുള്ള ഗൂഗിൾ പ്രോജക്ട് ട്രെബിൾ ആരംഭിക്കുക. ഇതുവഴി ക്വാൽകോമിൻറെ പുതിയ പ്രൊഫസർ ചിപ്പുമായി വരുന്ന ഫോണുകളിലെല്ലാം ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷൻ വേഗത്തിൽ ലഭ്യമാകും.

ഇനിമുതൽ എല്ലാ പുതിയ ക്വാൽകോം മൊബൈൽ ചിപ്പുകളിലും 4 ആൻഡ്രോയ്ഡ് ഓഎസ് പതിപ്പുകളുടെ പിന്തുണയുണ്ടാകും. ഇതിനു പുറമേ നാലു വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. നിലവിൽ പല ആൻഡ്രോയിഡ് ഫോണുകളിലും പുത്തൻ അപ്ഡേറ്റുകൾ പതിയെയാണ് ലഭിക്കുന്നത്. ചില ഫോണുകളിൽ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യാൻ സാധിച്ചെന്നു വരില്ല. പ്രോജക്ട് ട്രെബിൾ യാഥാർത്ഥ്യമാവുന്നതോടെ ഇതിന് പരിഹാരമാകും. വിലകൂടിയ ഫോണുകളിലും വിലകുറഞ്ഞ ഫോണുകളിലും ഈ പദ്ധതിയുടെ നേട്ടമുണ്ടാകും.