
ഈ വർഷത്തെ ഗൂഗിൾ പ്ലേസ്റ്റോർ അവാർഡുകൾ പ്രഖ്യാപിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രാദേശിക തലത്തിലുള്ള പുരസ്കാര പട്ടികയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ രാജ്യങ്ങളിലെയും ജേതാക്കളിൽ മാറ്റമുണ്ട്. 2020 ലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി ‘സ്ലീപ് ബൈ വൈസ’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും മികച്ച ഗെയിമായി ‘ലെജൻഡ്സ് ഓഫ് റുനേറ്റെറ’ തിരഞ്ഞെടുക്കപ്പെട്ടു.

ആപ്പിനുള്ള യൂസേഴ്സ് ചോയ്സ് അവാർഡ് പവർ പോയന്റ്, എക്സൽ, വേർഡ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകൾക്കാണ് ലഭിച്ചത്. മികച്ച ഗെയിമിനുള്ള യൂസേഴ്സ് ചോയ്സ് അവാർഡ് വേൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 3-ഡബ്ല്യുസിസി 3 എന്ന ഗെയിം സ്വന്തമാക്കി. മികച്ച ആപ്ലിക്കേഷനുകൾ, ഗെയിമുകൾ എന്നീ വിഭാഗങ്ങൾക്ക് പുറമേ ബെസ്റ്റ് എവരിഡേ എസെൻഷ്യൽ, ബെസ്റ്റ് പേഴ്സണൽ ഗ്രോത്ത്, ബെസ്റ്റ് ഫൺ, ബെസ്റ്റ് ഹിഡൻ ജെംസ് ഓഫ് 2020 തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. മനോഹരമായ രൂപകൽപ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ആപ്ലിക്കേഷനായാണ് സ്ലീപ് ബൈ വൈസ എന്ന് ഗൂഗിൾ വിലയിരുത്തുന്നു. മനസ്സ് ശാന്തമാക്കാനും മികച്ച ഉറക്കം ലഭിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.