Auto
Trending

തലമുറ മാറ്റത്തിനൊരുങ്ങി ആള്‍ട്ടോയും

ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള കാർ മാരുതി സുസുക്കിയുടെ ആൾട്ടോ ആയിരിക്കും. സാധാരണക്കാരന്റെ കാർ എന്ന വിശേഷണം ഏറ്റവുമിണങ്ങുന്ന വാഹനമാണിത്. തലമുറമാറ്റത്തിനൊരുങ്ങുന്ന ഈ വാഹനത്തിന്റെ പുതിയ പതിപ്പ് സുസുക്കി ജാപ്പനീസ് വിപണിയിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ നിരത്തുകളിൽ മാരുതി സുസുക്കി എത്തിച്ചിട്ടുള്ള ആൾട്ടോയിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിട്ടുള്ളതെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.എൻട്രി ലെവൽ വാഹനങ്ങൾ കണ്ട് പരിചയമില്ലാത്ത ഫീച്ചറുകൾ, പുതിയ എൻജിൻ എന്നിവയുമായാണ് ആൾട്ടോയുടെ ജാപ്പനീസ് പതിപ്പ് എത്തിയിട്ടുള്ളത്. ഈ വാഹനം 2022-ൽ സുസുക്കിയുടെ ജന്മനാട്ടിൽ അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ഇന്ത്യയിലെ ആൾട്ടോയും തലമുറ മാറ്റത്തിന് ഒരുങ്ങുന്നുണ്ടെങ്കിലും ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ള വാഹനം എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.ബോക്സി രൂപം നിലനിർത്തി പുതിയ ഡിസൈനിലാണ് പുതിയ ആൾട്ടോ ഒരുങ്ങിയിട്ടുള്ളത്. വലിപ്പം കൂടിയ പുതിയ ട്രപസോയ്ഡൽ ഹെഡ്ലാമ്പ്, ബോണറ്റിന് താഴെയായി ക്രോമിയം സ്ട്രിപ്പ്, വളരെ ചെറിയ ഗ്രില്ല്, താരതമ്യേന വലിപ്പമുള്ള എയർഡാം, പുതുമയോടെ ഒരുങ്ങിയിട്ടുള്ള ബമ്പർ എന്നിവയാണ് മുൻവശം അലങ്കരിക്കുന്നത്. ടെയ്ൽലാമ്പ് മാറ്റി നിർത്തിയാൽ സെലേറിയോയോട് വിദൂര സാമ്യമുള്ള പിൻഭാഗമാണ് ആൾട്ടോയുടേതും. ഏഴ് സ്പോക്ക് അലോയി വീലും എക്സ്റ്റീരിയറിലെ ഹൈലൈറ്റാണ്.മാരുതിയുടെ ഒരു വാഹനങ്ങളോട് ഉപമിക്കാൻ സാധിക്കാത്തതാണ് അകത്തളം. കൂടുതൽ സ്റ്റോറേജ് സ്പേസുകൾ നൽകി ഒരുക്കിയ ഡാഷ്ബോർഡ്, പുതുമയുള്ള എ.സി. വെന്റുകൾ, വലിപ്പമേറിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡാഷ്ബോർഡിലേക്ക് സ്ഥാനമുറപ്പിച്ച ഗിയർ ലിവർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, മികച്ച ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫാബ്രിക് സീറ്റുകൾ എന്നിവയാണ് അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.ഇന്ത്യൻ നിരത്തുകളിൽ നിലവിലുള്ള ആൾട്ടോയെക്കാൾ കരുത്ത് കുറഞ്ഞ എൻജിനായിരിക്കും രാജ്യാന്തര വിപണിയിലെ ആൾട്ടോയിൽ നൽകുക. 660 സി.സി. മൂന്ന് സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ഇത് വാഹനത്തിന് ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുമെന്നും ഈ ശ്രേണിയിലെ ഏറ്റവും മൈലേജുള്ള വാഹനമാകുമെന്നുമാണ് നിർമാതാക്കളുടെ വാദം. വാഗൺആർ, എസ്-പ്രെസോ എന്നീ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന മാരുതിയുടെ പുതിയ ഹാർട്ട്ടെക്ട് പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുക. നിലവിലെ മൂന്ന് സിലിണ്ടർ 800 സി.സി. എൻജിനൊപ്പം പുതുതായി 1.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനും നൽകിയേക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button