
സെപ്തംബർ 30 മുതൽ ഗൂഗിൾമീറ്റ് സൗജന്യമായി ഒരു മണിക്കൂർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.പ്രീമിയം സേവനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി നൽകുന്നതിൽ ഗൂഗിൾ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതി തുടരാം.

ഒപ്പം ജിസ്യൂട്ട്, ജിസ്യൂട്ട് എഡ്യൂക്കേഷൻ ഉപഭോക്താക്കൾക്കുള്ള അഡ്വാൻസ് ഫീച്ചറുകളും സെപ്റ്റംബർ 30 മുതൽ ലഭ്യമാകില്ല. ഇത്തരം ഉപഭോക്താക്കൾക്ക് ഒറ്റ വീഡിയോ കോൺഫ്രൻസിൽ 250 പേരെ ഉൾക്കൊള്ളിക്കാനും ഒരൊറ്റ ഡൊമൈനിൽ ഒരു ലക്ഷം ആളുകളിലേക്ക് വരെ ലൈവ് സ്ട്രീം ചെയ്യാനും മീറ്റിങ്ങുകൾ ഗൂഗിൾ ഡ്രൈവിൽ റെക്കോർഡ് ചെയ്യുവാനുമുള്ള സൗകര്യം ലഭിച്ചിരുന്നു. എന്നാൽ ഇനി ഈ സൗകര്യങ്ങൾ സെപ്റ്റംബർ 30 വരെയേ ലഭിക്കൂ. മെയ് ഒന്നുമുതലായിരുന്നു ഗൂഗിളിനെ പ്രീമിയം സേവനങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി നൽകി തുടങ്ങിയത്.
ഈ അടുത്തിടെയാണ് ഒരേസമയം 49 പേരെ കാണാൻ സാധിക്കുന്ന സൗകര്യം ഗൂഗിൾ മീറ്റ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചത്. മീറ്റിംഗ് ഹോസ്റ്റ് ചെയ്യുന്നയാളെ പ്രത്യേകം കാണിക്കുന്ന സൗകര്യവും അവതരിപ്പിച്ചിരുന്നു. ഈ സൗകര്യങ്ങളും ജീസ്യൂട്ട് ഉപഭോക്താക്കൾക്കും സ്വന്തമായി ജിമെയിൽ ഐഡിയുള്ളവർക്കും ഇപ്പോൾ ലഭ്യമാണ്. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഈ ഓപ്ഷനുകൾക്ക് സാധാരണഗതിയിലാണെങ്കിൽ പ്രതിമാസം ഉപഭോക്താവ് 25 ഡോളർ (1842 രൂപ) നൽകേണ്ടതുണ്ട്.