
ഗൂഗിൾ, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം തള്ളി കേന്ദ്രസർക്കാർ. തത്കാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ ലോക്സഭയെ അറിയിച്ചു.

അടുത്തിടെ ഓസ്ട്രേലിയ ഗൂഗിളിൽനിന്നും മറ്റും പ്രതിഫലം ഈടാക്കാൻ നിയമം പാസാക്കിയിരുന്നു. അതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഇന്ത്യയിലും ഉയർന്നത്.വാർത്താ ഉള്ളടക്കങ്ങൾക്ക് ഗൂഗിളും മറ്റും പ്രതിഫലം നൽകണമെന്നും പരസ്യവരുമാനം അർഹമായ രീതിയിൽ പങ്കുവെക്കണമെന്നുമുള്ള ആവശ്യമായിരുന്നു പല കോണുകളിൽനിന്നും ഉയർന്നത്. പത്രങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും വാർത്താചാനലുകളുടെ ഐക്യവേദിയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഇൗ ആവശ്യമുന്നയിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു. ബി.ജെ.പി. നേതാവ് സുശിൽ മോദിയും കഴിഞ്ഞദിവസം ഈ ആവശ്യം ഉന്നയിച്ചിരുന്നു.