Auto
Trending

2021-ലെ മുഴുവന്‍ യൂണിറ്റും അരമണിക്കൂറിൽ വിറ്റുതീര്‍ന്ന് എം.ജി. ആസ്റ്റര്‍

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ വാഹനമാണ് എം.ജി. മോട്ടോഴ്സിന്റെ ആസ്റ്റർ എസ്.യു.വി. ലെവൽ ടു ഓട്ടോണമസ് സംവിധാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും തുടങ്ങി നിരവധി പ്രത്യേകതകളുമായി വിപണിയിൽ എത്തിയ ഈ വാഹനത്തിന് നിർമാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകരണമാണ് വിപണിയിൽ നിന്ന് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബർ 11-ന് അവതരിപ്പിച്ച ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഇന്നലെയാണ് ആരംഭിച്ചത്. ബുക്കിങ്ങ് തുറന്ന് കേവലം 30 മിനിറ്റിനുള്ളിൽ 2021-ലേക്ക് എം.ജി. മോട്ടോഴ്സ് വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുള്ള മുഴുവൽ യൂണിറ്റും വിറ്റുത്തീർന്നതായി നിർമാതാക്കൾ അറിയിച്ചു. 5000 യൂണിറ്റാണ് ഈ വർഷം എം.ജി. മോട്ടോഴ്സ് എത്തിക്കുന്നത്.25000 രൂപ അഡ്വാൻസ് തുക ഈടാക്കിയായിരുന്നു ആസ്റ്ററിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 5000 ബുക്കിങ്ങ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നവംബർ ഒന്ന് മുതൽ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. 2021-ൽ അവശേഷിക്കുന്ന രണ്ട് മാസത്തേക്കാണ് 5000 ആസ്റ്റർ വിൽപ്പനയ്ക്ക് എത്തുന്നതെന്നാണ് എം.ജി. മോട്ടോഴ്സ് നൽകുന്ന സൂചന.സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, ഷാർപ്പ് ഓപ്ഷണൽ എന്നീ അഞ്ച് വേരിന്റുകളിലാണ് ആസ്റ്റർ എസ്.യു.വി. വിപണിയിൽ എത്തിയിട്ടുള്ളത്. ഇതിന് 9.78 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോൾ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. അതേസമയം, ഗ്രില്ലിന്റെ ഘടനയിൽ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. സെഗ്മെന്റിൽ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്നോളജിയുള്ള ഡിജിറ്റൽ കീയും ഇതിൽ നൽകിയിട്ടുണ്ട്. ഷാർപ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എൽ.ഇ.ഡി.ഡി.ആർ.എൽ, പുതിയ ഡിസൈനിലുള്ള ബമ്പർ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈൻ മാറ്റങ്ങളാണ്.അകത്തളം പൂർണമായും ZS ഇലക്ട്രിക്കിൽ നിന്ന് കടംകൊണ്ടതാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ അകത്തളത്തിൽ ഒരുങ്ങുന്നുണ്ട്. 35 ഹിഗ്ലീഷ് കമാന്റുകൾ തിരിച്ചറിയാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സംവിധാനമാണ് ആസ്റ്ററിൽ നൽകിയിട്ടുള്ളത്. വിക്കിപീഡിയ, കോമഡികൾ, ഓൺലൈൻ മ്യൂസിക് സ്ട്രീം, നാവിഗേഷൻ തുടങ്ങി 80 ഇന്റർനെറ്റ് ഫീച്ചറുകളും ആസ്റ്ററിൽ നൽകുന്നുണ്ട്.138 ബി.എച്ച്.പി. പവറും 220 എൻ.എം. ടോർക്കുമേകുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എൻജിൻ. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ട്രാൻസ്മിഷൻ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനിലും ആസ്റ്റർ എത്തും. ഈ എൻജിനൊപ്പം മാനുവൽ, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാൻസ്മിഷനുകളും നൽകുന്നുണ്ട്.

Related Articles

Back to top button