
താരതമ്യേന തരക്കേടില്ലാത്ത ഫോണുകൾ വിൽക്കുന്നുവെന്ന ധാരണ നിലനിൽക്കുന്ന കമ്പനിയാണ് ജിയോണി. എന്നാൽ ജിയോണി തങ്ങളുടെ ഫോണുകളിൽ ഫാക്ടറിയിൽ വച്ചുതന്നെ മാൽവെയർ ഇൻസ്റ്റാൾ ചെയ്ത് വിൽക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ചൈനയിലെ ജഡ്ജ്മെൻറ് ഡോക്യുമെൻറ് നെറ്റ്‌വർക്കാണ് ലാഭമുണ്ടാക്കുന്നതിനായി ജിയോണി തങ്ങളുടെ രണ്ട് കോടിയിലേറെ ഫോണുകളിൽ മാൽവെയർ നിക്ഷേപിച്ചുവെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ഉപഭോക്താക്കളെ പരസ്യങ്ങളും മറ്റും കാണിച്ച് അതിൽനിന്നും വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തൽ. ഗിഫ്റ്റ് ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ജിയോണി ഫോണുകളിൽ ഒരു ട്രോജൻ ഹോഴ്സിനെ നിക്ഷേപിച്ചവെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. സ്റ്റോറി ലോക്ക് സ്ക്രീൻ എന്ന ആപ്പിന് നൽകിയ അപ്ഡേറ്റിലൂടെ 2018 ഡിസംബറിനും 2019 ഒക്ടോബറിനും ഇടയിൽ ട്രോജൻ ഹോഴ്സിനെ നിക്ഷേപിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഉപഭോക്താക്കളുടെ അറിവോടെയോ സമ്മതത്തോടെയോ ആയിരുന്നില്ല. ഇക്കാലയളവിൽ കമ്പനി ഇതിൽ നിന്ന് 31.46കോടി രൂപം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ജിയോണി ഫോണുകൾ ഇറക്കുന്ന ഷെൻസെൻ സിപ്പു ടെക്നോളജി ഉപഭോക്താക്കളുടെ കമ്പ്യൂട്ടർ ഇൻഫോർമേഷൻ സിസ്റ്റങ്ങളെ നിയമപരമല്ലാതെ നിയന്ത്രിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് കമ്പനിയുടെ രണ്ട് മേധാവികൾക്ക് മൂന്നുവർഷം തടവും ഒരാൾക്ക് ആറുമാസം തടവും വിധിച്ചു. ഒപ്പം കമ്പനിക്കു മേൽ 22.59 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.