
രാജ്യത്തെ പ്രമുഖ നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പുതിയ ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിലൂടെ കമ്പനിയുടെ ഒറ്റ അക്കൗണ്ടിലൂടെ ആഗോളവിപണിയിലോ വൈവിധ്യമാർന്ന ആഗോള ആസ്തികളിലോ എളുപ്പത്തിൽ നിക്ഷേപം നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. തുടക്കത്തിൽ യുഎസ് ഓഹരിവിപണിയിലും പിന്നാലെ യുകെ, ജപ്പാൻ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളിലും പ്ലാറ്റ്ഫോം ലഭ്യമായി തുടങ്ങും.

ഈ പ്ലാറ്റ്ഫോമിലൂടെ ആപ്പിൾ, ഗൂഗിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ ലോകത്തെവിടെ നിന്നും അനായാസം വാങ്ങാം. മറ്റ് ആഗോള നിക്ഷേപ സംവിധാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കമ്പനിയുടെ പത്ത് ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കും മുൻ പ്രവാസികൾക്കും ആഗോള ആസ്തികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും ഐടി പ്രൊഫഷണലുകൾക്കുമെല്ലാം ഈ പുത്തൻ പ്ലാറ്റ്ഫോം ഒരുപോലെ ഗുണം ചെയ്യും.
ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വെൽത്ത് മാനേജ്മെൻറ് പ്ലാറ്റ്ഫോമായ സ്റ്റോക്കാലിൻറെ പങ്കാളിത്തത്തോടെയാണ് കമ്പനി ഈ ഗ്ലോബൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. മിനിമം ബാലൻസ് വേണ്ടാത്തതും താഴ്ന്ന കമ്മീഷൻ നിരക്കുള്ളതുമായ സംവിധാനമാണിത്. ഓൺലൈനായി ലഭിക്കുന്ന വിദഗ്ധ നിർദേശങ്ങളിലൂടെ നിക്ഷേപകർക്ക് ചെറിയ മൂലധനത്തിലൂടെ പോർട്ട് ഫോളിയോ വൈവിധ്യം ഉറപ്പാക്കാൻ സാധിക്കും.