
റിസർവ് ബാങ്കിന്റെയടക്കം അനുമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ കുതിപ്പ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ( ജനുവരി–മാർച്ച്) വളർച്ചാനിരക്ക് 6.1% ആയി. കഴിഞ്ഞ വർഷത്തെ ആകെ ജിഡിപി വളർച്ചാനിരക്ക് ഇതോടെ 7.2% ആയി. 7% കൈവരിക്കുമെന്നായിരുന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും അനുമാനം. ജനുവരി–മാർച്ച് കാലയളവിലെ വളർച്ചാനിരക്ക് 4.1 ശതമാനത്തിനും 5.7നും ഇടയിലായിരിക്കുമെന്ന പ്രവചനങ്ങളെ മറികടന്നാണ് വളർച്ച 6.1 ശതമാനത്തിലെത്തിയത്. 5.1% ആയിരുന്നു ആർബിഐയുടെ പ്രവചനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ചിന്റേത് 5.5 ശതമാനവും. കൃഷി അടക്കമുള്ള മിക്ക മേഖലകളും മികച്ച വളർച്ചാനിരക്കു രേഖപ്പെടുത്തിയപ്പോഴും തകർച്ചയിലായിരുന്നത് ഉൽപാദനമേഖലയാണ്. മൂന്നാം പാദത്തിൽ 1.4% ഇടിവ് രേഖപ്പെടുത്തിയ ഉൽപാദനമേഖല ഇത്തവണ ഭേദപ്പെട്ട തിരിച്ചുവരവാണ് നടത്തിയത്. നാലാം പാദത്തിൽ 4.5% വളർച്ച രേഖപ്പെടുത്തി. 2022–23 സാമ്പത്തികവർഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6.4 ശതമാനത്തിലൊതുങ്ങി. സർക്കാർ ലക്ഷ്യംവച്ച അതേ തോതിലാണ്. മുൻവർഷത്തെ 6.7 ശതമാനത്തിൽ നിന്ന് 6.4 ആക്കി ധനക്കമ്മി ചുരുക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നതെന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.