Big B
Trending

ഗെയിൽ പദ്ധതി യാഥാർഥ്യമായി

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി-മാംഗ്ലൂർ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനാണ് ഉദ്ഘാടന വേദിയായത്. ഓൺലൈനായി നടന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ എന്നിവരും പങ്കെടുത്തു.

വലിയ ജനകീയ പ്രതിഷേധങ്ങൾക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. 12 എം.എം.എസ് .സി.എം.ഡി വാതക നീക്കശേഷിയുള്ള ഈ പൈപ്പ് ലൈൻ പദ്ധതിക്ക് 3226 കോടിരൂപയാണ് ചെലവ്. ഈ പൈപ്പ് ലൈൻ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുള്ളതുമായ പാചകവാതകം (പിഎൻജി) വീടുകളിലെത്തും. 450 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലാണ്.ഇരുസംസ്ഥാനങ്ങളിലെയും സാമ്പത്തിക വളർച്ചയ്ക്ക് ഈ പദ്ധതി കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഇത് ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്കും അഭിമാനിക്കാവുന്ന ദിവസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ഗ്യാസ് വിതരണശൃംഖല വ്യാപകമാക്കാൻ പൈപ്പ് ലൈൻ പൂർത്തീകരണം സഹായിക്കുമെന്നും അതുവഴി വീടുകളിലെ ആവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ ലഭ്യത വർധിക്കുമെന്നും ഫാക്ടറി വികസനത്തിനും നിർദ്ദിഷ്ട പെട്രോകെമിക്കൽസ് പാർക്ക് യാഥാർത്ഥ്യമാകുന്നതിനും ഈ പദ്ധതി സഹായിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Back to top button