
ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാറിന് വീണ്ടും തിരിച്ചടി. ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ നൽകിയ ഹർജിയിൽ നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവ് വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് അംഗീകരിക്കുന്നതിൽ നിന്ന് കമ്പനി ട്രിബ്യൂണലിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. സെബി, ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ, കോമ്പറ്റീഷൻ കമ്മീഷൻ എന്നിവയുടെ നടപടികൾ നിർത്തിവെക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആമസോണിന്റെ ഹർജിയിൽ രേഖാമൂലം മറുപടി നൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ചാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. ഫ്യൂച്ചർ റീട്ടെയിലും റിലയൻസ് തമ്മിലുള്ള 24,713 കോടിരൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആണ് സുപ്രീം കോടതിയുടെ നടപടി. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള കരാറിൽ ഫ്യൂച്ചർ ഗ്രൂപ്പ് പങ്കാളിത്ത കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംഗപ്പൂർ ആർബിട്രേഷൻ ട്രിബ്യൂണലിൽ നിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു.