
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യം നേരിടാൻ സഹായവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ഓയിൽ റിഫൈനറികളിൽ പ്രതിദിനം 700 ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപാദിപ്പിച്ച് ദുരിതബാധിത സംസ്ഥാനങ്ങൾക്കു സൗജന്യമായി എത്തിച്ചുനൽകുകയാണ് റിലയൻസ്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയടക്കമുള്ള സംസ്ഥാനങ്ങളിലെ ഗുരുതരാവസ്ഥയിലുള്ള ഏഴുപതിനായിരത്തിലേറെ രോഗികൾക്ക് ആശ്വാസമാകും ഇത്. നേരത്തേ പ്രതിദിനം 100 ടൺ ആയിരുന്നു ഉൽപാദനം. ഇത് പ്രതിദിനം 1000 ടൺ ആയി വർധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. ക്രൂഡ് ഓയിലിൽനിന്ന് ഡീസൽ, പെട്രോൾ, വിമാന ഇന്ധനം എന്നിവ നിർമിച്ചിരുന്ന റിഫൈനറികളിൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് റിലയൻസ് മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപാദിപ്പിക്കുന്നത്. ഇതിനു വേണ്ട യന്ത്രസംവിധാനങ്ങളടക്കം പ്രത്യേകം സ്ഥാപിക്കുകയായിരുന്നു.മൈനസ് 183 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പ്രത്യേകം തയാറാക്കിയ ടാങ്കറുകളിൽ ഇവിടെനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സൗജന്യമായാണ് ഓക്സിജൻ എത്തിച്ചുനൽകുന്നത്. കമ്പനിയുടെ സിഎസ്ആർ പരിപാടിയുടെ ഭാഗമായാണ് വിതരണം.രാജ്യത്ത് ആദ്യത്തെ കോവിഡ് ആശുപത്രി മുംബൈയിൽ സ്ഥാപിച്ചത് റിലയൻസാണ്.