
ഫ്രാങ്ക്ലിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്നുമുതൽ നിക്ഷേപകർക്ക് തിരിച്ചു നൽകും. എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഫ്രാങ്ക്‌ലിൻ ടെംപിൾടൺ ഇന്ത്യ അധികൃതർ അറിയിച്ചു.

കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിട്ടുള്ള അക്കൗണ്ട് ഉടമകൾക്കെല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപം ക്രെഡിറ്റ് ചെയ്യും. ഇതിനായി പ്രത്യേക അക്കൗണ്ടുകൾ തന്നെ എസ്ബിഐ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്ഫർ വഴിയാകും പണം നൽകുക. അതിന് സാധിക്കാത്തവർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് തപാൽ വഴി അയച്ചു നൽകും. പണം തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ സ്റ്റേറ്റ്മെൻറും എഎംസി നിക്ഷേപകർക്ക് നൽകും.9,121.59 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി വീതിച്ചു നൽകുക. ഫ്രാങ്ക്ലിൻ ഇന്ത്യ അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ടിൽ 5,075.39 കോടിരൂപയും ഫ്രാങ്ക്ലിൻ ഇന്ത്യ ലോ ഡ്യുറേഷൻ ഫണ്ടിൽ 1,625.36 കോടി രൂപയും ഫ്രാങ്ക്ലിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469.24 കോടിരൂപയും ക്രെഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രൂപയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 1025 കോടി രൂപയുമാണ് വിതരണത്തിനായുള്ളത്. കേസിൽ ഫെബ്രുവരി 17-നാണ് കോടതി അടുത്ത വാദം കേൾക്കുക.