
സ്വകാര്യ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യ കുതിച്ചുയരുകയാണ്. 1.09 ലക്ഷം കോടി രൂപയാണ് ഈവർഷം വിദേശനിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്. ഈ കാലയളവിൽ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളം വരുമിത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ട സമയത്താണ് സോവറിൻ വെൽത്ത് ഫണ്ടുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ വൻതോതിൽ നിക്ഷേപമിറക്കിയത്. 2020 ൽ ഇതുവരെ പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് കളായ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ഇൻവെസ്റ്റ്മെൻറ് കോർപ്പറേഷൻ ഓഫ് ദുബായ് തുടങ്ങിയവ 7.8 ബില്യൺ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികൾ നിക്ഷേപിച്ചിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എസ് ഡബ്ല്യൂ എഫാണ് നാനൂറിലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനം ചെയ്ത് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.2019 ലാണ് രാജ്യത്തേക്ക് വൻതോതിൽ വിദേശനിക്ഷേപം ഒഴുകി തുടങ്ങിയത്. 2015 മുതൽ 18 വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്കെത്തിയ വിദേശ നിക്ഷേപം 24.6 ബില്യൺ ഡോളർ മാത്രമായിരുന്നു. എന്നാൽ ഈ കാലയളവിൽ ചൈനയിൽ എത്തിയത് 46 ബില്യൺ ഡോളറാണ്.